ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ യു.എന്‍ അംഗീകൃത ഗവണ്മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡ്(ജിഎന്‍എ) ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ വിമത കമാന്‍ഡര്‍ ഖലീഫ് ഹഫ്താറിന്റെ സേന ആക്രമണം തുടങ്ങി. ഒരു വര്‍ഷമായി ട്രിപ്പോളി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഹഫ്താര് സേനയുടെ റോക്കറ്റാക്രമണങ്ങളില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. വിമാനത്താവളത്തില്‍ നിരവധി റോക്കറ്റുകള്‍ പതിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കനത്ത പോരാട്ടം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ വിമാന ഇന്ധന ടാങ്കുകള്‍ തകര്‍ന്ന് തീപിടിച്ചതായി ലിബിയന്‍ നാഷണല്‍ ഓയില്‍ കോര്‍പ് അറിയിച്ചു. ഹഫ്താറിന്റെ ലിബിയന്‍ നാഷണല്‍ ആര്‍മി മുമ്പും പലവട്ടം വിമാനത്താവളത്തിനുനേരെ ആക്രമണം നടത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹഫ്താര് സേനയുടെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ജിഎന്‍എ സേനയെ സഹായിക്കുന്നതിന് വിമാനത്താവളത്തില്‍ തുര്‍ക്കി ഡ്രോ ണ് ലോഞ്ചര്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഹഫ്താര് സേന ആരോപിക്കുന്നത്. ആഴ്ചകളായി ജിഎന്എയുമായുള്ള ഏറ്റുമുട്ടലില്‍ ഹഫ്താര് തിരിച്ചടി നേരിടുന്നുണ്ട്. റമസാന്‍ കണക്കിലെടുത്ത് വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ജിഎന്‍എ അംഗീകരിച്ചിരുന്നില്ല. ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും മറ്റു പല രാജ്യങ്ങളും ആയുധം താഴെ വെക്കാന്‍ ഇരുപക്ഷത്തോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2011ല്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി അധികാരഭ്രഷ്ടനാവുകയും കൊല്ലപ്പെടുകയും ചെയ്ത ശേഷം ലിബിയയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുകയാണ്.