ട്രെയിനുകള്‍ റദ്ദാക്കി; ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ തകര്‍ത്തു

42
ഗാസിപൂരില്‍ കാല്‍നടയാത്രയായി വന്ന കുടിയേറ്റ തൊഴിലാളികളെ യു.പി പൊലീസ് തടയുന്നു

യു.പിയില്‍ ദേശീയപാത ഉപരോധിച്ച് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം

അഹമ്മദാബാദ്/ലക്‌നോ: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളി പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു.
രാജ്കോട്ടിലെ ഷാപ്പര്‍ വ്യവസായ മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകള്‍ സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റദ്ദാക്കിയതോടെയാണ് കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്കോട്ട് എസ്പി ബല്‍റാം മീണ അറിയിച്ചു. ഉത്തര്‍പ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തിയിലും വന്‍സംഘര്‍ഷമുണ്ടായി. കുടിയേറ്റ തൊഴിലാളികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉത്തര്‍പ്രദേശിലേക്ക് കടന്നു.
പൊലീസ് ലാത്തി ചാര്‍ജ് നടത്തി ബാരിക്കേഡ് പുനഃസ്ഥാപിച്ചു. കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി വരരുതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുപി അതിര്‍ത്തികളില്‍ വന്‍ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങുന്നത് പൊലീസ് തടഞ്ഞതോടെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ ദേശീയ പാത ഉപരോധിച്ച് കുടിയേറ്റ തൊഴിലാളികള്‍.
ഫറാഹ് ഗ്രാമത്തില്‍ നടന്ന പ്രതിഷേധത്തില്‍ 2500 ഓളം തൊഴിലാളികള്‍ പങ്കെടുത്തു. റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചതോടെ പ്രതിഷേധം അക്രമാസക്തമായി. ജില്ലാ മജിസ്ട്രേറ്റും സീനിയര്‍ പൊലീസ് സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്.
കാല്‍നടയാത്ര പോലും അധികൃതര്‍ വിലക്കിയതായും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഭക്ഷണത്തിനും മറ്റും സൗകര്യം ഒരുക്കിയതായും ചര്‍ച്ചക്ക് ശേഷം ഇവരുടെ വാഹനങ്ങള്‍ കടത്തിവിട്ടതായും മഥുര എസ്എസ്പി ഗൗരവ് ഗ്രോവര്‍ പറഞ്ഞു.
ശനിയാഴ്ച ഔറയിലുണ്ടായ റോഡപകടത്തില്‍ 24 തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ദേശീയപാതകളിലെ അനധികൃത യാത്ര തടയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിരുന്നു. റോഡ് യാത്ര ഒഴിവാക്കി ട്രെയിന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് കുമാര്‍ അവസ്തി ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനും അതിര്‍ത്തിയില്‍ പതിവായി പരിശോധന നടത്താനും നിര്‍ദേശം നല്‍കി. അതിര്‍ത്തിയിലെ എല്ലാ ജില്ലകളിലും അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും 200 ലധികം ബസുകള്‍ ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.