തമിഴ്‌നാട്ടില്‍ 527 പുതിയ കേസുകള്‍; രോഗവ്യാപന കേന്ദ്രമായി കോയമ്പേട് മാര്‍ക്കറ്റ്‌

21
ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ്

ചെന്നൈ: ദക്ഷിണേന്ത്യയില്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയ തമിഴ്‌നാട്ടില്‍ ഇന്നലെ പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത് 527 പേര്‍ക്ക്. സംസ്ഥാനത്ത് ഒരു ദിവസം ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
ഒരു മരണവും ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 3550 ആയി. 31 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 1409 പേര്‍ കോവിഡ് മുക്തി നേടി ആശുപത്രി വിട്ടതായാണ് കണക്ക്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് കോയമ്പേട് മാര്‍ക്കറ്റ് രോഗ വ്യാപനത്തിന്റെ കേന്ദ്രമാവുന്നതായാണ് കണക്കുകള്‍. ഇവിടെ നിന്നും വിവിധ ജില്ലകളികളിലേക്ക് മടങ്ങിയ മൂന്നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോയമ്പേട് മാര്‍ക്കറ്റില്‍ വന്നുപോയവരില്‍ 150 ല്‍ അധികം പേര്‍ക്ക് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചു. കച്ചവടക്കാര്‍ ചുമട്ടുതൊഴിലാളികള്‍ ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് കോയമ്പേട് വന്നുപോയിട്ടുള്ളത്.
സ്വന്തം നാടുകളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ചെന്നൈയില്‍ ചില്ലറ വില്‍പ്പന നടത്തുന്ന കച്ചവടക്കാരിലും കോവിഡ് സ്ഥിരീകരിച്ചു. 259 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തിരുവിഗ നഗറില്‍ ആയിരക്കണക്കിന് പേരെ നിരീക്ഷണത്തിലാക്കി. അതേ സമയം ലോക്ക്ഡൗണിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ആളുകള്‍ പ്രതിഷേധിച്ചു. അവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്ന പരാതിയുമായി മധുരയിലും ചെങ്കല്‍പ്പേട്ടിലും ജനം തെരുവിലിറങ്ങി. ഭക്ഷണ സാധനങ്ങള്‍ പോലും ഇല്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം വേണമെന്നും ആവശ്യപ്പെട്ട് നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തിരുപ്പൂരില്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു.
തമിഴ്‌നാട് കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ആന്ധ്രപ്രദേശിലാണ്. 1680 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 36 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ 1082 കോവിഡ് കേസുകളും 29 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഇന്നലെ 37 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 651 ആയി. 25 പേരാണ് കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.