തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: ഡോ. എം.കെ മുനീര്‍

7

കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ആവശ്യപ്പെട്ടു. കോവിഡിന്റെ പേരില്‍ 20,000 കോടിയുടെ പദ്ധതി ഉണ്ടെന്നാണ് പറയുന്നത്. ഇതില്‍ 14,000 കോടി കരാറുകാരുടെ പഴയ കുടിശ്ശിക തീര്‍ക്കാനാണെന്ന് പറയുന്നു.ഇത് ശരിയല്ല. കരാറുകാരുടെ പണം നല്‍കാന്‍ കുറച്ച് സാവകാശം തേടാവുന്നതാണ്. അവരുമായി സര്‍ക്കാര്‍ സംസാരിക്കണം. അതില്‍ നിന്ന് 2000 കോടിയെങ്കിലും പ്രവാസികള്‍ക്കായി മാറ്റിവെക്കണം. അല്ലെങ്കില്‍ പ്രവാസികള്‍ക്കായി 200 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കണം. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം ചെയ്യണം. പ്രവാസികളെ സഹായിക്കാന്‍ ബാങ്കുകള്‍ തയാറാവണം. സഹകരണ ബാങ്കുകള്‍ വരെ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണം. ഇവര്‍ക്കായി വ്യാവസായിക വായ്പകള്‍ നല്‍കണം. ബാങ്കുകളുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയാറാവണം. ബാങ്കുകളെ നിലനിര്‍ത്തുന്നതും അവയുടെ വളര്‍ച്ചയില്‍ വലിയ സഹായം ചെയ്തവരും പ്രവാസികളാണ് എന്ന കാര്യം വിസ്മരിക്കരുത്.
തിരിച്ചുവരുന്ന പ്രവാസികളില്‍ വിദഗ്ധരായ തൊഴിലാളികള്‍ ഉണ്ടാവും. അവര്‍ക്ക് വലിയ വിദ്യാഭ്യാസയോഗ്യത ഉണ്ടാവണമെന്നില്ല. എന്നാല്‍ തൊഴില്‍ നൈപുണ്യം ഉണ്ടാവും. അത് നമുക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.