തീരുന്നില്ല നൊമ്പരക്കാഴ്ച

ഉണരില്ലൊരിക്കലുമെന്നിട്ടും... ബിഹാറിലെ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന കുടിയേറ്റ തൊഴിലാളിയായ അമ്മയുടെ പുതപ്പില്‍ പിടിച്ച് വലിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞ്‌

റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന അമ്മയെ
വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് പിഞ്ചുകുഞ്ഞ്

ന്യൂഡല്‍ഹി: എന്നാണ് ഇതിനൊരു അറുതിയാവുക. ഓരോ മനുഷ്യന്റേയും ഉള്ളില്‍നിന്ന് ഇപ്പോള്‍ ഈ ചോദ്യം ഉയരുന്നുണ്ടാകും. കുടിയേറ്റ ജീവിതങ്ങള്‍ അനുഭവിക്കുന്ന തീരാദുരിതത്തിന്റെ നൊമ്പരക്കാഴ്ചകള്‍ അത്രമേല്‍ വേദനിപ്പിക്കുന്നുണ്ട്. സ്യൂട്ട്‌കേസിനു മേല്‍ കിടത്തി പിഞ്ചു കുഞ്ഞിനെയും വലിച്ചുകൊണ്ടുപോകുന്ന അമ്മയുടെ ചിത്രം നാം കണ്ടത് ഏതാനും ദിവസം മുമ്പ് മാത്രമാണ്. ഇപ്പോഴിതാ കുടിയേറ്റ ദുരിതത്തിന്റെ കരളലിയിക്കുന്ന മറ്റൊരു നൊമ്പരക്കാഴ്ച കൂടി. അമ്മ മരിച്ചുകിടക്കുകയാണെന്നറിയാതെ, പുതപ്പില്‍ പിടിച്ച് വലിച്ച് വിളിച്ചുണര്‍ത്താനും ഉണരാത്തതിനെതുടര്‍ന്ന് പിണങ്ങിപ്പോവുകയും ചെയ്യുന്ന പിഞ്ചു കുഞ്ഞിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഹൃദയം പിളര്‍ത്തുന്നത്. ബിഹാറിലെ മുസാഫര്‍ഫൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
കോവിഡ് ലോക്ക്ഡൗണിനെതുടര്‍ന്ന് ഗുജറാത്തില്‍ കുടുങ്ങിപ്പോയ കുടുംബം നാട്ടിലെത്താന്‍ ട്രെയിന്‍ കയറിയതായിരുന്നു. ലോക്ക്ഡൗണില്‍ ജോലിയില്ലാതായതോടെ ദിവസങ്ങളോളം പട്ടിണിയായിരുന്നു കൂട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരിക്കും സഹോദരി ഭര്‍ത്താവിനുമൊപ്പാണ് ഇവര്‍ വീട്ടിലേക്ക് തിരിച്ചത്. ഉത്തരേന്ത്യയില്‍ ഉഷ്ണക്കാറ്റ് ശക്തമാണിപ്പോള്‍. അതികഠിനമായ ചൂടിനൊപ്പം കുടിവെള്ളം പോലുമില്ലാതെയുള്ള മണിക്കൂറുകള്‍ നീണ്ട ട്രെയിന്‍ യാത്ര. ശനിയാഴ്ചയാണ് അഹമ്മദാബാദില്‍നിന്ന് കുടുംബം ട്രെയിന്‍ കയറിയത്. ട്രെയിനില്‍ വച്ചുതന്നെ ഇവര്‍ക്ക് അസ്വസ്ഥയും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതും പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയ ഉടന്‍ യുവതി തളര്‍ന്നു വീണു. നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെയായിരുന്നു ചേതനയറ്റ ശരീരത്തിനു മുകളില്‍ വിരിച്ച പുതപ്പിന്റെ തുമ്പില്‍ പിടിച്ച് അമ്മയെ ഉണര്‍ത്താനുള്ള പിഞ്ചു പൈതലിന്റെ ശ്രമം. കണ്ടുനിന്നവവരുടെ പോലും കണ്ണില്‍ വെള്ളം നിറച്ചു. ഡല്‍ഹിയില്‍നിന്ന് മറ്റൊരു ട്രെയിനില്‍ രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞും ഇതേ ദിവസം ഇതേ സ്റ്റേഷനില്‍ പട്ടിണിയും നിര്‍ജ്ജലീകരണവും കാരണം മരണത്തിന് കീഴടങ്ങിയിരുന്നു.
കിലോമീറ്ററുകളോളം നടന്ന് വീടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പാതിവഴിയില്‍ വീണുപോകുന്ന മനുഷ്യര്‍, രോഗികളേയും അവശരേയും വൃദ്ധരേയും ചുമലിലേറ്റി നടക്കുന്ന മനുഷ്യര്‍, ശ്രമിക് ട്രെയിന്‍ തേടിയുള്ള യാത്രക്കിടെ റെയില്‍വേ ട്രാക്കില്‍ ഛിന്നഭിന്നമായ 19 ജീവനുകള്‍, ട്രക്കുകളിലും മറ്റും ഒളിച്ചുകടന്ന് വീടെത്താന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മരിക്കുന്ന അനേകം പേര്‍…, മുന്‍കരുതലില്ലാതെ ഒരു ഭരണകൂടം കൈക്കൊണ്ട അടച്ചിടല്‍ തീരുമാനം സമ്മാനിച്ച അനേകം ദുരന്തക്കാഴ്ചകളിലേക്ക് ഒന്നുകൂടിയാവുകയാണ് ബിഹാറിലെ ഖൈത്താര്‍ സ്വദേശികളായ ഈ അമ്മയും കുഞ്ഞും.