തൊഴിലാളി ക്ഷാമം, കരിഞ്ചന്ത; നിര്‍മാണ മേഖലയില്‍ പ്രതിസന്ധി തുടരുന്നു

27

ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചിട്ടും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനാവാതെ നിര്‍മാണ മേഖല സ്തംഭനാവസ്ഥയില്‍. കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതും നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ കൂടിയതുമാണ് ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 10 മുതല്‍ 12 ലക്ഷം വരെ ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് വ്യവസായ വകുപ്പിന്റെ കണക്ക്. ഇതില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ നിര്‍മാണ മേഖലയില്‍ ജോലിയെടുക്കുന്നവരാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം വിട്ടാല്‍ തൊഴില്‍ മേഖലയിലുണ്ടാകാനിടയുള്ള സ്തംഭനാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് വ്യാപാര വാണിജ്യ സംഘടനകള്‍ നേരത്തേ സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇത്രയും പേരുടെ സേവനം ഇല്ലാതാകുന്നതോടെ തൊഴില്‍മേഖലയില്‍ ഗുരുതരമായ സ്തംഭനാവസ്ഥയുണ്ടാകും. ഇത് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ട് നിലവില്‍ കേരളത്തില്‍ കഴിയുന്ന ഇതരസംസ്ഥാനക്കാരെ തല്‍ക്കാലം ഇവിടം വിടാതിരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്നും സംഘടനകള്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനഭീതിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ കുടിയേറ്റ തൊഴിലാളികളില്‍ ഏറിയ പങ്കും നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ വഴിയും ആയിരകണക്കിന് തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങുകയാണ്. നാട്ടിലേക്ക് പോവാതെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരാകട്ടെ ഉടനെ ജോലിയില്‍ പ്രവേശിക്കുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വഴിയൊരുങ്ങിയാല്‍ തിരികെ പോകാം എന്ന തീരുമാനത്തിലുമാണ്. ഇതോടെ നിര്‍മാണ മേഖലയും ചെറുകിട ഇടത്തരം വ്യവസായമേഖലകളുമടക്കം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. സംസ്ഥാനത്തെ മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനവും റോഡ് നിര്‍മാണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാവും. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് സാധാരണ സംസ്ഥാനത്തെ ഭൂരിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.
എന്നാല്‍ കോവിഡ് വ്യാപനത്തോടെ ഇത് താളംതെറ്റി. മാര്‍ച്ച് മാസങ്ങളിലെ ആദ്യ ദിവസങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളൊഴിച്ചാല്‍ സംസ്ഥാനത്ത് ഇതുവരെ കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തദ്ദേശീയരായ തൊഴിലാളികളെ ഉള്‍പ്പെടുത്തി പണികള്‍ പുനരാരംഭിക്കാന്‍ ധാരണയായെങ്കിലും സിമന്റ്,കമ്പി, മണല്‍, മെറ്റല്‍ തുടങ്ങിയവയുടെ വില കുത്തനെ കൂട്ടിയത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. വിവിധ സിമന്റ് കമ്പനികള്‍ 70 മുതല്‍ നൂറു രൂപ വരെയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ കമ്പനിയായ മലബാര്‍ സിമന്റ്‌സും നിലവിലെ സാഹചര്യം മുതലെടുത്ത് വില കൂട്ടി. കമ്പിവില കിലോയ്ക്ക് അഞ്ച് മുതല്‍ ഒമ്പത് രൂപവരെയാണ് ഉയര്‍ത്തിയത്. കോവിഡിന് മുമ്പ് കരിങ്കല്ലിന്റെ ദൗര്‍ലഭ്യം പറഞ്ഞായിരുന്നു ക്രഷര്‍ മാഫിയ 35 രൂപയായിരുന്ന എം.സാന്‍ഡിന് 42 രൂപ വരെ വില വര്‍ധിപ്പിച്ചത്. എന്നാല്‍ ലോക്ഡൗണ്‍ ഇളവ് വന്നതിനു ശേഷം ക്രഷറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സാഹചര്യത്തിലും 42 രൂപയുടെ എം.സാന്‍ഡിന് 22 രൂപ വര്‍ധിപ്പിച്ച് 62 രൂപയാക്കി. മെറ്റല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്ക് 10 രൂപ മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. കരിഞ്ചന്തയും വിലക്കയറ്റും തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പലവട്ടം പറഞ്ഞിരുന്നെങ്കിലും ഇത് നടപ്പിലായിട്ടില്ലെന്ന് നിര്‍മാണ മേഖലയിലുള്ളവര്‍ പറയുന്നു. ക്രഷര്‍ മാഫിയയുടെ കരിഞ്ചന്ത നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.