ധനമന്ത്രിയുടെ പാക്കേജില്‍ 5 ലക്ഷം കോടി, മോദി പറഞ്ഞതിന്റെ നാലിലൊന്ന് മാത്രം

20

ന്യൂഡല്‍ഹി: കോവിഡ് 19 ആഘാതം മറികടക്കാന്‍ ചെറുകിട ഇടത്തരം വ്യാപാര, വ്യാവസായ മേഖലക്ക് പ്രത്യേക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് മൂന്നു ലക്ഷം കോടിയുടെ ഈടില്ലാത്ത വായ്പ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്നലെ നടത്തിയത്. രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയെന്ന പ്രധാനമന്ത്രി പങ്കുവെച്ച വലിയ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് പ്രഖ്യാപനമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
അതേസമയം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് തയ്യാറാക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്കായി. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രഖ്യാപനത്തില്‍ അഞ്ചു ലക്ഷം കോടിക്കുള്ള പദ്ധതികള്‍ മാത്രമാണ് ഇടംപിടിച്ചത്. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കൃത്യമായ ഉത്തരം നല്‍കിയതുമില്ല.
നൂറു കോടി വരെ വാര്‍ഷിക വിറ്റു വരവുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈടില്ലാത്ത വായ്പ ലഭിക്കുക. നാലു വര്‍ഷ കാലയളവില്‍ നിശ്ചിത ശതമാനം പലിശക്കായിരിക്കും പണം നല്‍കുക. 45 ലക്ഷം സംരംഭകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനത്തിലും കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. ഇതു പ്രകാരം ഒരു കോടി നിക്ഷേപവും അഞ്ചു കോടി വാര്‍ഷിക വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ സൂക്ഷ്മ വിഭാഗത്തിലും 10കോടി നിക്ഷേപവും അമ്പതു കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ഇടത്തരം സംരംഭങ്ങളുടേയും പട്ടികയിലാണ് വരിക.
സ്വാശ്രയത്വ ഭാരതത്തില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ വിശദമായ ചര്‍ച്ചയിലൂടെയാണ് പാക്കേജിന് രൂപം നല്‍കിയത്. പ്രാദേശിക വിപണികളെ ആഗോള നിലവാരത്തില്‍ എത്തിക്കും. സ്വാശ്രയത്വത്തില്‍ ഊന്നിയുള്ള സമ്പദ് വ്യവസ്ഥയാണ് ലക്ഷ്യം. എന്നാല്‍ ലോകത്തുനിന്ന് ഒറ്റപ്പെട്ടു നില്‍ക്കുക എന്നല്ല അതിനര്‍ത്ഥമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.