നിയന്ത്രണങ്ങള്‍ക്ക് ഇളവ്; ഇറ്റലി അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നു

48

റോം: കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇറ്റലി. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് ഇറ്റലിയുടെ തീരുമാനം. ലോകത്ത് ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇറ്റലി.
രാജ്യത്ത് ചില മേഖലകള്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കണമെന്ന നിലപാടിലാണ്. എന്നാല്‍ ക്രമേണ പഴയ സ്ഥിതിയിലേക്ക് വരാമെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസെപ്പെ കോന്തെയുടെ നിലപാട്. രാജ്യത്ത് രണ്ടാമതൊരു കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ അത് അത്യാവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.
നിലവില്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് -19 ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇറ്റലി. ഫെബ്രുവരി 21-നാണ് ഇറ്റലിയിലെ കോവിഡ് വ്യാപനം തിരിച്ചറിയുന്നത്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. മെയ് നാലിന് ഫാക്ടറികളും പാര്‍ക്കുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് അന്താരാഷ്ട്ര വിമാന സര്‍വീസാണ് ആരംഭിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ആലോചിക്കുന്നത്. ജൂണ്‍ രണ്ടിനാണ് ഇറ്റലിയുടെ റിപ്പബ്ലിക് ദിനം. അന്ന് പൊതു അവധി ആയതിനാല്‍ ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കാന്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അന്നുവരെ നിയന്ത്രിക്കും. ജൂണ്‍ മൂന്നിന് ശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കും.
കടകളും റെസ്റ്റൊറന്റുകളും തുറക്കാനുള്ള അനുവാദം സര്‍ക്കാര്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. കോവിഡ് വ്യാപനത്തിന്റെ തീവ്രതയില്‍ നിന്ന് ഇറ്റലി കര കയറിയെന്നതിന്റെ സൂചനയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ പിന്‍വലിക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത്.