നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന

13
കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ജപ്പാനില്‍ തലസ്ഥാന നഗരിയായ ടോക്കിയോവിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൂട്ടത്തോടെ ആളുകള്‍ പുറത്തേക്ക് വരുന്നു

ജനീവ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സാവധാനം നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കിലും കേസുകള്‍ കുതിച്ചുയരുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി.
രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍കോവ് ടെഡ്രോസിന്റെ ആശങ്കകളെ പിന്തുണച്ചു. ലോക്ക്ഡൗണ്‍ നടപടികള്‍ വളരെ വേഗത്തില്‍ എടുത്തുകളഞ്ഞാല്‍ വൈറസ് വ്യാപനം കുതിച്ചുയരുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യ, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിതുടങ്ങിയിട്ടുണ്ട്. രാജ്യം വീണ്ടും തുറക്കാനുള്ള സന്നദ്ധത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്. യാത്രാ നിയന്ത്രണങ്ങളും മറ്റ് വൈറസ് നിയന്ത്രണ നടപടികളും നീക്കം ചെയ്യുന്നതിനുമുമ്പ് രാജ്യങ്ങള്‍ നിരീക്ഷണ നിയന്ത്രണ പരിപാടികള്‍ നടത്തുകയും ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുകയും വേണം. ശക്തമായ ആരോഗ്യസുരക്ഷ സംവിധാനങ്ങളില്ലാതെ പകര്‍ച്ചവ്യാധി ക്ഷയിച്ചതിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടേറിയതാണെന്നും ടെഡ്രോസ് പറഞ്ഞു. അതിനിടെ ലോകത്ത് രോഗ ബാധിതരുടെ എണ്ണം വീണ്ടും കൂടി. ആകെ 38,46,226 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണ സംഖ്യയിലും വര്‍ധനവുണ്ടായി. 2,65,873 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ലോകത്ത് മരണപ്പെട്ടത്. 13,15,556 പേര്‍ കോവിഡ് മുക്തരാവുകയും ചെയ്തു.
അമേരിക്കയില്‍ ഇതുവരെ 74,810 പേരാണ് മരണത്തിന് കീഴടങ്ങിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. ബ്രിട്ടനില്‍ മരണ സംഖ്യ 30,076 ആയി ഉയര്‍ന്നു. ഔദ്യോഗിക കണക്കിനേക്കാള്‍ കൂടുതല്‍ പേര്‍ മരിച്ചുവെന്ന് ബ്രിട്ടനില്‍ നിന്നു തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇറ്റലിയില്‍ 29,684 പേരും സ്‌പെയിനില്‍ 26,070 പേരും മരണപ്പെട്ടു. ഫ്രാന്‍സിലും മരണ സംഖ്യ കാല്‍ ലക്ഷം പിന്നിട്ടു. 25,809 പേരാണ് ഇതുവരെ ഫ്രാന്‍സില്‍ മരണപ്പെട്ടത്. റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 11,000 ത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്ത് പതിനായരത്തിന് മുകളില്‍ ആളുകള്‍ക്ക് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നുണ്ട്. റഷ്യയില്‍ ഇതുവരെ 1,625 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.