പത്തനംതിട്ടയില്‍ കടുവയിറങ്ങി; ഭയന്നോടി ടാപ്പിങ് തൊഴിലാളി

16
കടുവയുടെ സാന്നിധ്യം കണ്ടെത്തിയ വടശേരിക്കര ചമ്പോണ്‍ തടത്തിലുഴം ഭാഗത്ത് രാജു എബ്രഹാം എംഎല്‍എ സന്ദര്‍ശനം നടത്തിയപ്പോള്‍

പത്തനംതിട്ട : റാന്നി ഫോറസ്റ്റ് റേഞ്ചിലെ വടശേരിക്കരയില്‍ കടുവയിറങ്ങി. ഇന്നലെ രാവിലെ റബര്‍തോട്ടത്തിലെത്തിയ ടാപ്പിങ് തൊഴിലാളിയാണ് കടുവയെ കണ്ടത്. വനംവകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ തണ്ണിത്തോട്ടിലും, മണിയാറും കടുവയെത്തിയതിന് പിന്നാലെയാണ് വടശേരിക്കരയിലും കടുവയിറങ്ങിയത്. കടുവയെ കണ്ട് ഭയന്നോടിയ ടാപ്പിങ് തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ചു. കഴിഞ്ഞദിവസം തണ്ണിത്തോട്ടില്‍ ടാപ്പിങ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവതന്നെയാകാം ഇതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വന്യമൃഗങ്ങളുടെ സാനിധ്യം ഏറിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഇപ്പോള്‍ കടുവ ജനവാസ മേഖലയിലാണ് എന്നത് ഏറെ ഗൗരവമായ പ്രശ്‌നമാണ്. കൂടുതല്‍ സേനാംഗങ്ങളെ ഇറക്കി കടുവയെ കണ്ടെത്താന്‍ കൂടുതല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച രാജു എബ്രഹാം എംഎല്‍എ വനം വകുപ്പ് മന്ത്രി അഡ്വ രാജുവിനോട് ആവശ്യപ്പെട്ടു. കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റാന്നി താലൂക്കില്‍ വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡ് മണിയാര്‍, കോന്നി താലൂക്കിലെ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് കട്ടച്ചിറ എന്നീ പ്രദേശങ്ങളില്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുകയോ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനോ പാടില്ല. ഉത്തരവിന് മേയ് 15ന് അര്‍ധരാത്രിവരെ പ്രാബല്യം ഉണ്ടായിരിക്കും. മേയ് 15ന് മുമ്പായി വനംവകുപ്പ് കടുവയെ പിടിച്ച് സുരക്ഷിതമായി ഉള്‍ക്കാട്ടിലേക്ക് എത്തിക്കുന്ന സമയം മുതല്‍ ഈ ഉത്തരവ് റദ്ദാകും.