പരിശോധനകളുടെ എണ്ണം കൂട്ടുന്നു; 63 ലക്ഷം ആര്‍ടി-പിസിആര്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി

108

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്ന് 63 ലക്ഷം ആര്‍-ടി പിസിആര്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി.
വരുന്ന മാസത്തോടെ 53 ലക്ഷം ഇന്ത്യക്കാരില്‍ കോവിഡ് പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ചില കിറ്റുകള്‍ ഉപയോഗ ക്ഷമമല്ലെങ്കില്‍ പോലും പരിശോധനയ്ക്കായി കിറ്റുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാണ് കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
ദക്ഷിണ കൊറിയ, ജര്‍മനി, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളിലെ കമ്പനികള്‍ക്കാണ് കിറ്റുകള്‍ എത്തിക്കാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. മേയ് 10ന് ശേഷം ആദ്യ ബാച്ച് കിറ്റുകള്‍ ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കണക്കാക്കുന്നത്. ബാക്കിയുള്ള കിറ്റുകള്‍ ഘട്ടം ഘട്ടമായി ഇറക്കുമതി ചെയ്യും.
ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎംആര്‍) മാനദണ്ഡപ്രകാരം കോവിഡ് കണ്ടെത്തുന്നതിന് സ്റ്റാന്റേര്‍ഡ് പ്രോട്ടോക്കോള്‍ പരിശോധന മാര്‍ഗം ആര്‍ടി-പിസിആര്‍ ടെസ്റ്റാണ്. ഉയര്‍ന്ന കൃത്യത നിരക്കില്‍ കോവിഡ് പരിശോധന ഫലം ലഭിക്കുന്നതും ആര്‍ടി-പിസിആര്‍ ടെസ്റ്റിലൂടെയാണെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തെ പത്ത് ലക്ഷത്തിലേറേ പേരില്‍ ഇതുവഴി കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.