പള്ളികളുണരാതെ ലൈലത്തുല്‍ ഖദ്ര്‍; വിളക്കണയാതെ പ്രാര്‍ത്ഥന

23
മനമുരുകി... കോവിഡ് അടച്ചുപൂട്ടലിന്റെ കാലത്ത് പള്ളികളിലെ പ്രാര്‍ത്ഥനയ്ക്ക് വിലക്കുണ്ടെങ്കിലും ലോകമാകെ പടര്‍ന്ന് പിടിച്ച മഹാവ്യാധിയില്‍ നിന്നു രക്ഷതേടി സ്രഷ്ടാവിന് മുന്നില്‍ അഭയമര്‍പ്പിക്കുകയാണ് വിശ്വാസികള്‍. തങ്ങളെ വിട്ടുപോയ ബന്ധുക്കള്‍ക്കായി അവരുടെ ഖബറിടങ്ങളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായിരുന്നു പുണ്യ റമസാനിലെ ഇരുപത്തിയേഴാം രാവ്. പ്രിയപ്പെട്ടവരുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന കുടുംബം. കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നുള്ള കാഴ്ച.

നോമ്പുതുറയും നിസ്‌കാരങ്ങളും വീടുകളിലൊതുങ്ങിയ ലോക്ക്ഡൗണിലെ റമസാന്‍ വ്രതം അവസാന നാളുകളിലേക്ക്. പ്രാര്‍ത്ഥനകള്‍ കൊണ്ടുണരേണ്ട പള്ളികളെ മൂകമാക്കി ലൈലത്തുല്‍ ഖ്ദര്‍ പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവും. രാത്രി മുഴുവന്‍ നഗരത്തിലെയും നാട്ടിന്‍പുറങ്ങളിലെയും പള്ളികളില്‍ വിശ്വാസികള്‍ നിറയുന്ന ദിനമായിരുന്നു ആയിരം മാസങ്ങളെക്കാളേക്കാള്‍ പുണ്യമേറിയ 27-ാം രാവ്. കേരളത്തിലെ തന്നെ ആദ്യപള്ളികൡലൊന്നായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളിയില്‍ ആയിരങ്ങളാണ് എത്താറ്. ഭക്തിയുടെ പാരമ്യത്തില്‍ സര്‍വസ്വവും സ്രഷ്ടാവിലര്‍പ്പിച്ച് അവര്‍ സുബ്ഹി വരെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ നിരതരാവും. എന്നാല്‍ ഈ വര്‍ഷം പള്ളികളിലെ ഒത്തുചേരല്‍ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള പ്രാര്‍ത്ഥനകളിലേക്ക് വഴിമാറി. പള്ളികളില്‍ പ്രാര്‍ത്ഥനകളുമായി ഒത്തുചേരുന്ന ഇഅ്തികാഫ് ഈ രാവിലെ പ്രധാന ചടങ്ങുകളിലൊന്നാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമൂഹിക അകല നിയന്ത്രണങ്ങളുള്ളതിനാല്‍ വിശ്വാസികള്‍ ആരാധനകളൊക്കെയും വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നാണ് മതനേതാക്കളും പണ്ഡിതരും ആവശ്യപ്പെട്ടത്. ഇന്ന് പുലരുവോളം വീടുകളില്‍ വെളിച്ചമണഞ്ഞിരുന്നില്ല. ചില വര്‍ഷങ്ങളിലെ റമസാനില്‍ മാത്രം ലഭിക്കാവുന്ന അഞ്ചു വെള്ളിയാഴ്ച ജുമുഅയുടെ സവിശേഷതയും ഇക്കുറി വേദനയുടേതായി. ലോക്ക്ഡൗണ്‍ നീട്ടിയപ്പോള്‍ നോമ്പിന്റെ പകുതിയെങ്കിലും പള്ളിയിലെത്താനാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് രാത്രികളും ലോക്ക്ഡൗണിന്റെ നിയന്ത്രണത്തിലായത്. ഇതോടെ പലരും ഒറ്റയായും കുടുംബാംഗങ്ങള്‍ കൂട്ടായും തറാവീഹും തസ്ബീഹ് നിസ്‌കാരങ്ങളും വീടുകളിലാക്കി. ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടിയതിനാല്‍ 27-ാം രാവിന് പിന്നാലെ ചെറിയ പെരുന്നാള്‍ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും വീടുകളിലാവും. റമസാന്‍ മാസം അവസാന ദിനങ്ങളിലേക്കെത്തുന്നതോടെ പെരുന്നാള്‍ വിപണിയുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമായിരുന്നു. എന്നാല്‍ കോവിഡ് ഭീതിയെത്തുടര്‍ന്ന് ആഘോഷ ദിനങ്ങളും തിരക്കൊഴിഞ്ഞതാവുകയാണ്.