പാകിസ്താനില്‍ വിമാന ദുരന്തം

കറാച്ചിക്കു സമീപം വിമാനം തകര്‍ന്ന സ്ഥലം

ഇസ്്‌ലാമാബാദ്: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിനു സമീപം ജനവാസ മേഖലയില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് നിരവധി മരണം. അപകട സമയത്ത് 90 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നിരവധി പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. അപകടത്തില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. ഇവിടെ ആളപായമുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സൈന്യത്തെ ഉദ്ധരിച്ച് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താന്‍ ഇന്റര്‍നാഷല്‍ എയര്‍ലൈന്‍സിന്റെ പി.കെ 8303 എയര്‍ ബസ് 320 വിമാനമാണ് അപകടത്തില്‍ പെട്ടത്. ആഭ്യന്തര സര്‍വീസിനായി ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് പറന്ന വിമാനം ലാന്റിങിന് തൊട്ടു മുമ്പായിരുന്നു അപകടം. ലാന്റിങ് മെസേജ് ലഭിച്ചതിനെതുടര്‍ന്ന് റണ്‍വേ ക്ലിയറന്‍സ് ഉള്‍പ്പെടെ പൂര്‍ത്തിയായിരുന്നെന്നും എന്നാല്‍ അപ്രതീക്ഷിതമായാണ് ദുരന്തമുണ്ടായതെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. സാങ്കേതിക തകരാറുണ്ടെന്നും ഒരു റൗണ്ട് കൂടി വലംവെച്ച ശേഷമേ ലാന്റിങ് ഉണ്ടാവൂവെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കിയ അവസാന സന്ദേശത്തില്‍ പറയുന്നു. ഇതിനു തൊട്ടു പിന്നാലെയായിരുന്നു അപകടം. സാങ്കേതിക തകരാറിനെതുടര്‍ന്ന് വിമാനത്തിന് തീപിടിച്ചിരിക്കാമെന്നാണ് നിഗമനം. വന്‍ അഗ്നിഗോളമായാണ് വിമാനം നിലംപൊത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. ജിന്നാ ഗാര്‍ഡനോടു ചേര്‍ന്ന മോഡല്‍ കോളനിയിലാണ് വിമാനം നിലംപൊത്തിയത്. വിമാനം തകര്‍ന്നു വീണ സ്ഥലത്തുനിന്ന് ഏറെ ഉയരത്തില്‍ തീയും പുകയും ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകട വിവരം അറിഞ്ഞ ഉടന്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും കറാച്ചിയിലെ എല്ലാ ആസ്പത്രികളോടും സജ്ജമാകാന്‍ നിര്‍ദേശം നല്‍കിയതായും സിന്ധ് പ്രവിശ്യാ ആരോഗ്യമന്ത്രി വ്യക്തമാക്കി. അപകട സ്ഥലത്തേക്ക് ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും കുതിച്ചെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
11 മൃതദേഹങ്ങള്‍ എത്തിച്ചതായി കറാച്ചിയിലെ ജിന്നാ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറഞ്ഞു. പരിക്കുകളോടെയും നിരവധി പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും പരിക്കുകള്‍ ഗുരുതരമാണെന്നും അധികൃതര്‍ പറഞ്ഞു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് വിമാനം തകര്‍ന്നുവീണതെന്നും ഇവിടെയുള്ള ആളുകളുടെ സ്ഥിതി സംബന്ധിച്ച് ആശങ്കയുണ്ടെന്നും സിന്ധ് പ്രവിശ്യാ ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായില്‍ പറഞ്ഞു. വിമാന ദുരന്തത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയതായും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.