പാതിവഴിയിലിറങ്ങി കറക്കം; പുറത്ത് നിന്നുള്ളവരെത്തുന്നു സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ

12
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബസുകളില്‍ കണ്ണൂരിലെത്തിയവര്‍ സമീപ ജില്ലകളിലേക്ക് പോകാനായി കാല്‍ടെക്‌സ് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നിലെ ബസ് സ്റ്റോപ്പില്‍ കാത്തിരിക്കുന്നു

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബസുകളിലെത്തുന്നവരില്‍ പലരും പാതിവഴിയിലിറങ്ങി കറങ്ങുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്‍ വന്‍ വീഴ്ച. കണ്ണൂരില്‍ ബസിറങ്ങി സമീപ ജില്ലകളിലേക്ക് പോകേണ്ടവരാണ് ഇന്നലെ നഗരത്തില്‍ മണിക്കൂറുകളോളം കറങ്ങി നടക്കുന്ന അവസ്ഥയുണ്ടായത്. ബംഗ്ലുരുവില്‍ നിന്നുള്‍പ്പെടെ നഗരത്തിലെത്തിയവര്‍ അടുത്ത വാഹനങ്ങളെത്തുന്നത് വരെ കെഎസ്ആര്‍ടിസി പരിസരങ്ങളിലുള്‍പ്പെടെ അലയുന്ന സ്ഥിതിയായിരുന്നു. കെഎസ്ആര്‍ടിസിയില്‍ കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ക്കാണ് കണ്ണൂരില്‍ ഇറങ്ങേണ്ടി വന്നത്. സ്വന്തം നാടുകളിലെത്താന്‍ കണ്ണൂരില്‍ നിന്ന് മറ്റ് വാഹനങ്ങള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു പലര്‍ക്കും.
എന്നാല്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സംഘം കെഎസ്ആര്‍ടിസി ഡിപ്പോക്ക് പുറത്തിറങ്ങി വാഹനങ്ങള്‍ അന്വേഷിച്ച് നടന്നത്. ഇവരില്‍ ജില്ലയിലെ തന്നെ യാത്രക്കാര്‍ വീടുകളിലേക്ക് പോകാന്‍ ആശ്രയിച്ചത് പൊതു ഗതാഗതത്തെയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ പ്രത്യേക വാഹനത്തില്‍ ക്വാറന്റീനിലേക്ക് പോകേണ്ട സാഹചര്യത്തിലാണ് പൊതുവായി ഓടിത്തുടങ്ങിയ കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും യാത്ര ചെയ്തത്. കെഎസ്ആര്‍ടിസി ഡിപ്പോ കേന്ദ്രീകരിച്ച് കോവിഡ് പരിശോധനാ സംവിധാനം ഇല്ലാത്തതിനാല്‍ താളം തെറ്റിയത് ജില്ലയിലെ സുരക്ഷാ മാനദണ്ഡങ്ങളാണ്.
വിവിധ സംഘടനകള്‍ മുഖേന അയക്കുന്ന വാഹനങ്ങളിലാണ് ഇതര സംസ്ഥാനത്ത് നിന്ന് പലരും കണ്ണൂരിലെത്തുന്നത്. ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ എപ്പോള്‍ എത്തുമെന്നോ എവിടെ എത്തുമെന്നോ സര്‍ക്കാര്‍ തലത്തില്‍ യാതൊരു ധാരണയും ഇല്ല. ഇന്നലെ മാത്രം നൂറുകണക്കിനാളുകളാണ് കണ്ണൂരില്‍ എത്തിയത്. രാവിലെയെത്തിയ സംഘം നാല് മണിക്കൂറോളമാണ് കെഎസ്ആര്‍ടിസി പരിസരത്ത് കറങ്ങിയത്. ചിലര്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനുമെത്തി. ദിവസേന നിരവധി ബസുകള്‍ നഗരത്തിലെത്തുന്നതായാണ് വിവരം.
നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് ഈ സംഘം സ്വന്തം ജില്ലകളിലേക്ക് പുറപ്പെട്ടത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തത് വന്‍ സുരക്ഷാ പാളിച്ചയ്ക്കാണ് വഴിവെച്ചിരുന്നത്. വിദേശത്ത് നിന്ന് എത്തുന്നവരെ വിമാനത്താവളത്തിലും തീവണ്ടികളില്‍ എത്തുന്നവരെ റെയില്‍വെ സ്റ്റേഷനിലും പരിശോധിക്കാന്‍ സംവിധാനമുണ്ട്. എന്നാല്‍ ഇതര സംസ്ഥാനത്ത് നിന്ന് ബസുകളിലും മറ്റ് വാഹനങ്ങളിലും വരുന്നവരെ പരിശോധിക്കാന്‍ കാര്യക്ഷമമായ സംവിധാനം ഒരുക്കിയില്ലെങ്കില്‍ പ്രതിരോധ നടപടികള്‍ തന്നെ പാളുവാനാണ് സാധ്യത.