പാതി ശ്വാസം

ഇളവു സംബന്ധിച്ച ഉത്തരവായി; പൊതു ഇടങ്ങള്‍ സജീവമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ഘട്ട ലോക്ഡൗണ്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. കൂടുതല്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പല മേഖലകളും നിയന്ത്രണങ്ങളോടെ സജീവമായി തുടങ്ങി. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളിലാണ് ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്.
അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. റെഡ്‌സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരുന്നതാണ്. മറ്റു പ്രദേശങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്നതാണ്. ഓറഞ്ച് സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഹോട്ട്‌സ്‌പോട്ടുകളുള്ള നഗരസഭകളുടെയും പഞ്ചായത്തുകളുടെയും കാര്യത്തില്‍ അതാത് വാര്‍ഡുകളില്‍ നിയന്ത്രണം തുടരണം. ഗ്രീന്‍ സോണ്‍ ജില്ലകളില്‍ സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എ.സി പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം. ടു വീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ സര്‍വ്വീസിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രീന്‍ സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഇത് ബാധകമല്ല. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍, ആരാധനാലയങ്ങള്‍, പാര്‍ക്കുകള്‍, ജിംനേഷ്യം, മദ്യഷാപ്പുകള്‍, മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവക്കുള്ള വിലക്ക് തുടരും. വിവാഹ/മരണാന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പങ്കെടുക്കുന്നത് അനുവദിക്കുന്നതല്ല.
ഗ്രീന്‍ സോണിലുള്‍പ്പെടെ പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കും. അവശ്യ സര്‍വ്വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി മേയ് 17 വരെ പ്രവര്‍ത്തിക്കുന്നതാണ്. ലോക്ക് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ ശനിയാഴ്ച അവധി ദിവസമായിരിക്കും. ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച ദിവസങ്ങളി എല്ലാ സോണുകളിലും പൂര്‍ണ്ണമായ ലോക്ക്ഡൗണായിരിക്കും.
വിദേശങ്ങളില്‍ നിന്ന് പ്രവാസികള്‍ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്‍മരെ കണ്‍വീനറായി സമിതി രൂപീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മടങ്ങിവരുന്ന പ്രവാസികളുടെ കോവിഡ് പരിശോധനക്ക് വിമാനത്താവളങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്. ശാരീരിക അകലം പാലിച്ച് മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം പരിശോധന നടത്തേണ്ടത്. പരിശോധനയില്‍ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുമ്പോള്‍ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ അവരെ കോവിഡ് സെന്ററുകളിലേക്ക് മാറ്റേണ്ടതാണ്. സ്‌ക്രീനിങ്ങില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് കാണുന്നവരെ പ്രത്യേക വഴികളിലൂടെ പുറത്തിറക്കി വീടുകളിലെത്തിച്ച് 14 ദിവസം നിരീക്ഷണത്തിലാക്കും.