‘പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കും’

നിരോധനാജ്ഞ ലംഘിച്ച യോഗത്തില്‍ സി.പി.എം എം.എല്‍.എയുടെ പ്രകോപന പ്രസംഗം

ശ്രീകൃഷ്ണപുരം: (പാലക്കാട്) : പാര്‍ട്ടിക്കൊപ്പം നിന്നാല്‍ എല്ലാപിന്തുണയും നല്‍കി സംരക്ഷിക്കുമെന്നും, ചതിച്ചിട്ടുപോയാല്‍ ദ്രോഹിക്കുമെന്നും സി.പി.എം ഷൊര്‍ണൂര്‍ വിവാദഎം.എല്‍.എ പി.കെ ശശി. കരിമ്പ ഗ്രാമപഞ്ചായത്തില്‍ അച്ചടക്കലംഘനത്തിന് മുസ്‌ലിംലീഗില്‍നിന്ന് പുറത്താക്കപ്പെട്ട പഞ്ചായത്തംഗത്തിന് നല്‍കിയ സ്വീകരണയോഗത്തിലാണ് ശശിയുടെ വിവാദപരാമര്‍ശം. മുമ്പ് ഡി.വൈ.എഫ്.ഐ വനിതാജില്ലാനേതാവിന്റെ ലൈംഗികാരോപണത്തിന് വിധേയനായി പാര്‍ട്ടിസസ്‌പെന്‍ഷന് വിധേയമായ ശശിയുടെ ബുധനാഴ്ചത്തെയോഗമാണ് വിവാദമായത്. ജില്ലയില്‍ കോവിഡ് കാരണം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെ അതിന് വിരുദ്ധമായി ഇരുപതോളം സി.പി.എം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചായിരുന്നു യോഗം. ‘പാര്‍ട്ടിയെ വിശ്വാസമര്‍പ്പിച്ച് പാര്‍ട്ടിയുടെ കൂടെവന്നാല്‍ പൂര്‍ണമായ സംരക്ഷണം തരും.ആവശ്യമായ എല്ലാ സഹായങ്ങളും സുരക്ഷിതത്വവും തരും. വളരെ വ്യക്തമായി പറയാം. പാര്‍ട്ടിക്ക് ഒപ്പംനിന്നാല്‍ സംരക്ഷിക്കും. ചതിച്ചിട്ടുപോയാല്‍ ദ്രോഹിക്കും. അതാണ് പാര്‍ട്ടി സ്വീകരിക്കുന്ന നയം.പ്രത്യേകിച്ചു ഞാനൊക്കെ സ്വീകരിച്ചുപോരുന്ന നയം’ ഇതായിരുന്നു ശശിയുടെ വാക്കുകള്‍.
കരിമ്പുഴപഞ്ചായത്തിലെ കരിപ്പമണ്ണ വാര്‍ഡ് മുസ്‌ലിംലീഗ് മെമ്പര്‍ കെ.രാധാകൃഷ്ണനും രണ്ട് സഹോദരങ്ങള്‍ക്കും കോട്ടപ്പുറം പാര്‍ട്ടിഓഫീസില്‍ നല്‍കിയ സ്വീകരണത്തിലാണ് എം.എല്‍.എ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇന്നലെ നാക്കുപിഴയാണെന്ന വിശദീകരണവുമായി ശശി രംഗത്തുവന്നു. മുമ്പ് മണ്ണാര്‍ക്കാട്ട് പി.കെ.ശശി നടത്തുന്ന ഗുണ്ടാരാഷ്ട്രീയം ഷൊര്‍ണൂര്‍ എം.എല്‍.എ യായതോടെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തീരെകുറഞ്ഞ കരിമ്പുഴയില്‍ നടത്താനുള്ള ശ്രമമെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ശശിയോട് വിരോധമുള്ള പാര്‍ട്ടിക്കാര്‍തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നതും ശ്രദ്ധേയമായി. ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗമായിരുന്ന യുവതിക്കെതിരെ നടന്ന ലൈംഗിക അതിക്രമപരാതി സമയത്ത് യുവതിക്കൊപ്പം നിന്ന ജില്ലയിലെ നേതാക്കള്‍തന്നെയാണ് ഇതിന് പിന്നിലെന്നും അറിയുന്നു. ജില്ലയില്‍ പിണറായിയുടെ വിശ്വസ്തരില്‍ പ്രധാനിയായ പി.കെ.ശശി എം.എല്‍.എ യുടെ വെട്ടിനിരത്തലിന് ഇരയായവര്‍ക്കുള്ള ആയുധമായി പ്രസ്താവന മാറിയിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ നടത്തിയ സ്വീകരണ പരിപാടിക്കെതിരെ നടപടി എടുക്കാന്‍ ആരോഗ്യ വകുപ്പ്, പോലീസ് തയ്യാറാവാത്തതും വിവാദമായി.പാവപ്പെട്ടവര്‍ക്കെതിരെ നിയമം നടപ്പിലാക്കുന്ന പോലീസ് സി.പി.എമ്മിന്റെ ചട്ടുകമായി മാറിയെന്ന് മുസ്ലീം ലീഗ് ജില്ല ട്രഷറര്‍ പി.എ. തങ്ങള്‍ പറഞ്ഞു.സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് അംഗവും എം.എല്‍.എ യുമായ പി.കെ.ശശിയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കാന്‍ നേതൃത്വം ഇതുവരെയും തയ്യാറാവാത്തതില്‍ നിന്നും പാര്‍ട്ടിനയവും നിലപാടും വ്യക്തമായതായി യു.ഡി.എഫ് നേതാക്കള്‍ പ്രതികരിച്ചു. ടി.പി ചന്ദ്രശേഖരന്‍ അടക്കമുള്ളവരെ കൊലപ്പെടുത്തിയ സി.പി.എമ്മിന്റെ നയമാണ് ശശിയിലൂടെ പുറത്തുവന്നതെന്നും വരമ്പത്ത് കൂലി കൊടുക്കുമെന്ന് പറഞ്ഞ നേതാവിന്റെ യഥാര്‍ത്ഥ അനുയായിതന്നെയാണ് ശശിയെന്നും മുസ്്‌ലിംലീഗ് ജില്ലാപ്രസിഡന്റ് കളത്തില്‍അബ്ദുല്ല, ജനറല്‍സെക്രട്ടറി മരക്കാര്‍മാരായമംഗലം, ട്രഷറര്‍ പി.എ തങ്ങള്‍ അഭിപ്രായപ്പെട്ടു. കരിമ്പുഴയില്‍ ഗേറ്റ് സ്ഥാപിച്ച് വഴിയടച്ച് ഭൂരിപക്ഷസമുദായത്തെദ്രോഹിച്ച രാധാകൃഷ്ണന്റെ നടപടികള്‍ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു.