പാലക്കാട് ജില്ലയില്‍ ഇന്നലെ ഏഴുപേര്‍ക്ക് കോവിഡ്

12

7606 പേര്‍ നിരീക്ഷണത്തില്‍

രോഗം ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും വന്നവര്‍ക്ക്

പാലക്കാട്: ജില്ലയില്‍ ഇന്നലെ ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് വന്ന മൂന്നുപേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും വന്ന നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ചെന്നൈയില്‍ നിന്നു വന്നവരില്‍ കൊല്ലങ്കോട്, ആനമാറി സ്വദേശി (38 വയസ്സ് ), ആലത്തൂര്‍ കാവശ്ശേരി സ്വദേശി( 27 വയസ്സ്), ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി (49 വയസ്സ്) എന്നിവരും മഹാരാഷ്ട്രയില്‍ നിന്നും വന്നവരില്‍ രണ്ട് പനമണ്ണ സ്വദേശികളും( 45 ,42 വയസ്സുള്ളവര്‍) രണ്ട് തൃക്കടേരി സ്വദേശികളും (39,50 വയസ്സുള്ളവര്‍) ആണ് ഉള്‍പ്പെടുന്നത്.ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 20 പേരായി. ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ചികിത്സയിലുണ്ട്.ചെന്നൈയില്‍ നിന്ന് വന്ന കൊല്ലങ്കോട്, കാവശ്ശേരി സ്വദേശികള്‍ മെയ് 17 ന് വൈകിട്ട് 5. 30നാണ് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ എത്തിയത്. ഇവര്‍ക്ക് ചെന്നൈയില്‍ വച്ച് തന്നെ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും നിരീക്ഷണത്തില്‍ ഇരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.ഇതു സംബന്ധിച്ച് ചെക്ക്‌പോസ്റ്റിലെ അധികൃതര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ അന്നേദിവസം തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മെയ് 18ന് വീണ്ടും സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇവര്‍ മെയ് 17ന് പാലക്കാട് വെച്ച് രോഗം സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ കൂടെ ചെന്നൈയില്‍ താമസിച്ചിരുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
നിലവില്‍ ഇവര്‍ രണ്ടുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ നാല് പേര്‍ മെയ് 13 ന് പുലര്‍ച്ചെ അവിടെനിന്നും പോരുകയും തലപ്പാടി ചെക്ക് പോസ്റ്റ് വഴി മെയ് 14 ന് പുലര്‍ച്ചെ കേരളത്തില്‍ എത്തുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 7551 പേര്‍ വീടുകളിലും 53 പേര്‍ പാലക്കാട് ജില്ലാ ആസ്പത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7606 പേര്‍ നിരീക്ഷണത്തിലുണ്ട്. ആസ്പത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.പരിശോധനക്കായി ഇതുവരെ അയച്ച 4785 സാമ്പിളുകളില്‍ ഫലം വന്ന 4369 നെഗറ്റീവും 26 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 40891 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 33285 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.