പിടി തരാതെ കോവിഡ്‌

മഹാരാഷ്ട്രയില്‍ 12,000 കവിഞ്ഞു, ഗുജറാത്തില്‍ 5054

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 12,296 ആയി. മുംബൈയില്‍ മാത്രം 8,172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 36 മരണവും റിപ്പോര്‍ട്ട് ചെയ്തു.
521 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ 332 പേരും മുംബൈയിലാണ്. മുംബൈയില്‍ ഇന്നലെ 547 പുതി യ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 27 മരണവും റി പ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം 27ന് ശേഷം ശരാശരി 27 പേര്‍ വീതം ഓരോ ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നതായാണ് സംസ്ഥാന കണക്ക്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 20 ശതമാനവും, മഹാരാഷ്ട്രയിലെ കോവിഡ് കേസുകളുടെ 71.3 ശതമാനവും മുംബൈയിലാണ്. ഏപ്രില്‍ 18 മുതല്‍ 30 വരെയുള്ള 12 ദിവസങ്ങള്‍ക്കിടെ 3.9 മടങ്ങ് വര്‍ധനവാണ് രോഗികളുടെ കാര്യത്തില്‍ മഹാരാഷ്ട്രയിലുണ്ടായത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ 38 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 496 ആയി. 18 മരണങ്ങളും ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ വര്‍ധനവിനൊപ്പം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ കോവിഡ്-19 ബാധയുടെ അവശതകള്‍ കൊണ്ട് മാത്രം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് മഹാരാഷ്ട്രയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
521 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതില്‍ 26% മരണവും മറ്റ് രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരാണ്. ഇവരില്‍ ആര്‍ക്കും തന്നെ പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. കോവിഡ് ബാധിച്ച പ്രായമേറിയവരിലാണ് മരണനിരക്ക് കൂടുതല്‍.
കൗമാര- യൗവന പ്രായത്തിലുള്ളവരാണ് രോഗമുക്തി നേടുന്നതില്‍ അധികവും. എങ്കിലും 11 മുതല്‍ 30 വയസുവരെയുള്ളവരില്‍ 12 പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. 51-60 പ്രായപരിധിയിലാണ് മരണം കൂടുതല്‍. 124 പേരാണ് ഈ വിഭാഗത്തില്‍ മരിച്ചിട്ടുള്ളത്. യുവാക്കളില്‍ കോവിഡ് മരണം ഉണ്ടാകുന്നത് നിരീക്ഷിച്ച് വരികയാണെന്നാണ് അധികൃതര്‍ പറയുന്നത്.
മദ്യപാനം, ഇതേതുടര്‍ന്ന് വരുന്ന കരള്‍- വൃക്ക രോഗങ്ങള്‍ എന്നിവയാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. അതേസമയം, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും എന്നാല്‍ ആശുപത്രിയിലെത്തി പെട്ടെന്ന് മരിക്കുകയും ചെയ്യുന്നവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ക്വാറന്റൈന്‍ ചെയ്യുമെന്ന ഭയത്തെ തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാലും വിവരമറിയിക്കാന്‍ തയ്യാറാകാത്തവരാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗുജറാത്തിലാണ് കോവിഡ് പടര്‍ന്നു പിടിക്കുന്നത്. ഇന്നലെ 333 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5054 ആയി 262 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
അഹമ്മദാബാദ് നഗരത്തില്‍ കോവിഡ് വ്യാപന തോത് കഴിഞ്ഞ 12 ദിവസത്തിനിടയില്‍ 5.13 മടങ്ങാണ്. കോവിഡ് മരണ നിരക്ക് ദേശീയ ശരാശരി 3.2 ശമതാനമാണെങ്കില്‍ അഹമ്മദാബാദില്‍ ഇത് 4.92 ശതമാനമാണ്. രാജ്യത്ത് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച 10 നഗരങ്ങളിലാണ് ആകെ കോവിഡ് മരണങ്ങളുടെ 71 ശതമാനവും. മുംബൈയും അഹമ്മദാബാദും ചേര്‍ന്ന് 41 ശമതാനത്തോളം വരും.
ഡല്‍ഹിയില്‍ 3738 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 61 മരണവും റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കണക്കുകള്‍ ഇങ്ങനെ.
ആന്ധ്രപ്രദേശ് 1463 കേസുകള്‍ 33 മരണം, കര്‍ണാടക മൊത്തം കേസ് 601 മരണം 22, മധ്യപ്രദേശ് 2719 രോഗികള്‍ 145 മരണം, പഞ്ചാബ് 772 കേസ് 19 മരണം, രാജസ്ഥാന്‍ 2666 കോവിഡ് ബാധിതര്‍ 62 മരണം, തമിഴ്നാട് 2757 കേസ് 29 മരണം.തെലങ്കാന 1039 രോഗികള്‍ 26 മരണം, യു.പി 2487 കേസ് 43 മരണം, പശ്ചിമ ബംഗാള്‍ 795 കോവിഡ് ബാധിതര്‍ 33 മരണം.