പൃഥിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി; ക്വാറന്റയിനില്‍

പൃഥ്വിരാജ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്നു

കൊച്ചി: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെയുള്ള സംഘം കൊച്ചിയിലെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് 58 അംഗ സംഘം എത്തിയത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 7.15നായിരുന്നു വിമാനം പുറപ്പെട്ടത്. ഒമ്പതരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സംഘം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചുള്ള ക്വാറന്റയിനില്‍ പ്രവേശിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റയിന്‍ സെന്ററിലേക്കാണ് സംഘം മാറിയത്. 14 ദിവസം ഇവര്‍ നിരീക്ഷണത്തില്‍ തുടരും. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു സംഘം ജോര്‍ദാനിലെത്തിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജോര്‍ദാനിലെ വാദിറം മരുഭൂമിയില്‍ സമാന സാഹചര്യത്തിലായിരുന്നു സംഘം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണമുള്‍പ്പടെ നിര്‍ത്തിവെക്കേണ്ടിവന്നെങ്കിലും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ അവിടുത്തെ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. വാദിറമില്‍ സിനിമ പാക്കപ്പ് ചെയ്തതിന്റെ ചിത്രം അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 142 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.