പേള്‍ ഹാര്‍ബര്‍, 9/11 ആക്രമണങ്ങളേക്കാള്‍ മോശം സാഹചര്യം സൃഷ്ടിക്കുമെന്ന് ട്രംപ്‌

21

വാഷിംങ്ടണ്‍: കോവിഡ് 19 വൈറസ് ബാധ പേള്‍ഹാര്‍ബര്‍, വേള്‍ഡ്‌ട്രേഡ് സെന്റര്‍ ആക്രമണങ്ങളേക്കാള്‍ രൂക്ഷമായ സാഹചര്യമാവും അമേരിക്കയില്‍ സൃഷ്ടിക്കുകയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ സമ്മേളനത്തില്‍ ചൈനക്കെതിരെ വീണ്ടും ട്രംപ് വിമര്‍ശനമുന്നയിച്ചു. ഉറവിടത്തില്‍ നിന്നു തന്നെ വൈറസിനെ നശിപ്പിച്ചിരുന്നെങ്കില്‍ ഇത്രയും മോശം സാഹചര്യം ഉണ്ടാവില്ലായിരുന്നു. എന്നാല്‍, തുടക്കത്തില്‍ത്തന്നെ വൈറസ് ബാധ തടയുന്നതില്‍ ചൈന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
1941ല്‍ ഹവായിലെ യു.എസ് അധീനതയിലുള്ള പേള്‍ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതാണ് യു.എസിനെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പങ്കാളികളാക്കിയത്. 2001 സെപ്തംബര്‍ 11 ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ 3000 പേര്‍ മരിച്ചിരുന്നു. ലോകത്ത് കോവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ചത് അമേരിക്കയിലാണ്. 12.63 ലക്ഷം ആളുകളിലാണ് അമേരിക്കയില്‍ കേവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 74,000 ത്തിലധികം പേരാണ് മരണമടഞ്ഞത്.