കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയുടെ നടുക്കടലിലാണ് ടൂറിസ്റ്റ് വാഹന ഉടമകള്‍. ലക്ഷങ്ങള്‍ ടാക്സും ഇന്‍ഷുറന്‍സും അടക്കുന്ന വലിയ ഫിനാന്‍സ് ബാധ്യതയുള്ള വാഹനങ്ങളില്‍ നിന്ന് തിരിച്ചൊന്നും ലഭിക്കാതെയായതോടെ പലരും ആത്മഹത്യയുടെ വക്കിലാണ്. നാട്ടുകാരുടെ മുമ്പില്‍ മുതലാളിയായതിനാല്‍ സങ്കടം ഉള്ളിലൊതുക്കി കഴിയുകയാണ് ടൂറിസ്റ്റ് വാഹന ഉടമകളില്‍ നല്ല ശതമാനവും. ടൂറിസ്റ്റ് വാഹന ഉടമകളുടെ കണ്ടകശനി കോവി ഡിനും ഏറെ മുമ്പ് തുടങ്ങിയതാണ്. നിപക്കും തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ പ്രളയത്തിനും ശേഷമാണ് കോവിഡെത്തിയത്. ഇതോടെ ഓട്ടം പൂര്‍ണ്ണമായും നിന്നു.
വര്‍ഷത്തില്‍ 4 ക്വാര്‍ട്ടറുകളായി നാല്പതിനായിരം വീതം രൂപയാണ് ഒരു ടൂറിസ്റ്റിന് ബസിന് ടാക്സായി അടക്കേണ്ടത്. വര്‍ഷത്തില്‍ ആകെ ഒരു ലക്ഷത്തി അറുപതിനായിരം രൂപ. ഇന്‍ഷുറന്‍സ് ക്വാര്‍ട്ടറിന്റെ മുന്‍കൂറായി ആണ് അടക്കേണ്ടത്. മാര്‍ച്ച് വരെയുള്ള നികുതി കേരളത്തിലെ ഉടമകള്‍ ജനുവരിക്ക് മുമ്പെ തന്നെ അടച്ചിട്ടുണ്ട്.
അമ്പത് ലക്ഷത്തോളം രൂപയാണ് ഒരു ബസിന്റെ വില. ഇതില്‍ ഏതാണ്ട് ബസുകള്‍ക്കും 60 മുതല്‍ 70 ശതമാനം വരെ ഫിനാന്‍സ് ഉണ്ട്. ആവശ്യത്തിന് ഓട്ടം ലഭിക്കാതായതോടെ ഫിനാന്‍സ് തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ടൂറിസ്റ്റ് ബസുടമകള്‍ പറയുന്നു.
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മെയ് മാസങ്ങള്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നവയാണ്. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിനോദ യാത്രകള്‍, കല്യാണങ്ങള്‍, തീര്‍ത്ഥയാത്രകള്‍ എന്നിവ കൂടുതലായി നടക്കുന്ന സീസണാണിത്.
കേരളത്തില്‍ ഏതാണ്ട് മുപ്പതിനായിരത്തോളം ടൂറിസ്റ്റ് വാഹനങ്ങളുണ്ട്. ഇതില്‍ പതിനായിരത്തോളം ബസുകളാണ്. ലക്ഷത്തോളം പേര് ഈ വ്യവസായവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നുണ്ട്. ജോലിയില്ലാതായതോടെ തൊഴിലാളികളെ സഹായിക്കേണ്ട ഉത്തരവാദിത്തവും ഏറെ ബുദ്ധിമുട്ടിയാണ് ഉടമകളില്പലരും നിര്‍വഹിക്കുന്നത്.
ഇതു വരെ നേരിടാത്ത നിലയിലുള്ള പ്രതിസന്ധിയുടെ മുന്നില്‍ നില്‍ക്കെ ടാക്സ് ക്വാര്‍ട്ടറിന്റെ അവസാന ദിവസങ്ങളില്‍ കടക്കാന്‍ അനുവദിക്കുക, ഇപ്പോള്‍ അനുവദിച്ചിട്ടുള്ള പലിശയോടു കൂടിയുള്ള മൊറട്ടോറിയം പലിശരഹിതമാക്കി ഒരു വര്‍ഷത്തേക്ക് നീട്ടുക, പ്രവര്‍ത്തന ചെലവിലേക്ക് ഒരോ ഓപ്പറേറ്റര്‍ക്കും 24 ഘഡുക്കളായി തിരിച്ചടക്കാവുന്ന രണ്ട് ലക്ഷം രൂപയുടെതെങ്കിലും പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോണ്ട്രാക്റ്റ് കേര്യേജ് ഓപറേറ്റേഴ്സ് ഫെഡറേഷന് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
സര്‍ക്കാറില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ടൂറിസ്റ്റ് വാഹന വ്യവസായം കരകയറാനാവാത്ത വിധം നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഫെഡറേഷന് ഭാരവാഹികള്‍ പറഞ്ഞു.