പ്രധാനമന്ത്രിയുടെ പാക്കേജ് ക്രൂരമായ തമാശ: സോണിയ

യു.പി.എ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ദരിദ്രരോടും പാവങ്ങളോടും ഒരു ദയയും കാട്ടാത്ത പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ പാക്കേജ് ക്രൂരമായ തമാശയാണെന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു സോണിയയുടെ വിമര്‍ശം. ഐതിഹാസിക ഭരണ പരിഷ്‌കാരമെന്ന പേരില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ വിറ്റഴിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും സോണിയ പറഞ്ഞു.
എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിഗുരുതരമായ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ശക്തമായ സാമ്പത്തിക പാക്കേജ് കൊണ്ടു മാത്രമേ അതിനെ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയൂ എന്ന് ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരും ഉപദേശിക്കുമ്പോഴും 20ലക്ഷം കോടിയുടെ പാക്കേജന്ന് പ്രധാനമന്ത്രിയും നാമമാത്രമായ ചില പ്രഖ്യാപനങ്ങള്‍ അഞ്ചു ദിവസം കൊണ്ട് ധനമന്ത്രിയും നടത്തി രാജ്യത്തെ ജനങ്ങളെ ക്രൂരമായി പരിഹസിക്കുകയാണ് ചെയ്യുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തിടുക്കം കാട്ടിയതല്ലാതെ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് കൃത്യമായ ഒരു ആശയവുമില്ലായിരുന്നു. വൈറസ് സ്ട്രാറ്റജി രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മരുന്നു കണ്ടുപിടിക്കപ്പെടും വരെ കോവിഡ് 19 വൈറസ് സമൂഹത്തില്‍ നിലനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനെ മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ആദ്യ 21 ദിവസം കൊണ്ടുതന്നെ ലോക്ക്ഡൗണ്‍ ഫലപ്രദമല്ലെന്ന് പ്രധാനമന്ത്രിക്ക് ബോധ്യം വന്നിരുന്നു. എന്നാല്‍ ലോക്ക്ഡൗണില്‍നിന്ന് എങ്ങനെ പുറത്തുകടക്കുന്നതിനുള്ള തന്ത്രവും സര്‍ക്കാറിന്റെ പക്കലുണ്ടായിരുന്നില്ല. അനിശ്ചിതത്വമാണ് എല്ലാ മേഖലകളിലും അരങ്ങു വാണത്. കുടിയേറ്റ തൊഴിലാളികളെ ക്രൂരമായി അവഗണിച്ചു. രാജ്യത്തെ ജനസംഖ്യയുടെ താഴെ തട്ടില്‍ വരുന്ന പാതിയും ഭൂരഹിതരും കുടിയാന്മാരും കര്‍ഷക തൊഴിലാളികളുമാണ്. ഇവരെയെല്ലാം സര്‍ക്കാര്‍ അവഗണിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ തുടങ്ങിയവരെല്ലാം സൂം കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. മുസ്്‌ലിംലീഗിനെ പ്രതിനിധീകരിച്ച് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.
വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടതെന്ന് യോഗം വിലയിരുത്തിയതായി പി.കെ കുഞ്ഞാലിക്കുട്ടിപറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക ഉള്‍ക്കാഴ്ചയില്ലായ്മയുടെ മകുടോദാഹരണമാണ്. മഹാമാരി കാലത്തും രാജ്യം പതിറ്റാണ്ടുകളിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലക്കുന്ന നിലപാട് അത്യധികം അപകടകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.