യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കി
കൊച്ചി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കാനായി നാവികസേന ആവിഷ്കരിച്ച ഓപറേഷന് സമുദ്രസേനയുടെ ഭാഗമായുള്ള ആദ്യ കപ്പല്‍ യാത്രക്കാരുമായി നാളെ കൊച്ചിയിലെത്തും. മാലിദ്വീപില്‍ നിന്ന് 732 യാത്രക്കാരുമായി എത്തുന്ന ഐ.എന്‍.എസ് ജലാശ്വ ഞായറാഴ്ച രാവിലെ പത്തിന് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ സാമുദ്രിക ടെര്‍മിനലില്‍ തീരമണയും. 19 ഗര്‍ഭിണികളും 14 കുട്ടികളും യാത്രക്കാരില്‍ ഉള്‍പ്പെടും. ഇതര സംസ്ഥാനക്കാരും കപ്പലിലുണ്ട്. മാലിദ്വീപിലുള്ള ഇന്ത്യക്കാര്‍ ബോട്ടുകളിലും ബസുകളിലുമായാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് തുറമുഖത്തേക്ക് എത്തിച്ചേര്‍ന്നത്. എല്ലാ യാത്രക്കാര്‍ക്കും താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കി. കോവിഡ് 19 രോഗബാധയുള്ളവരോ രോഗലക്ഷണമുള്ളവരോ സംഘത്തിലില്ല. ഐഎന്‍എസ് ജലാശ്വക്ക് പുറമെ ഐഎന്‍എസ് മഗര്‍ എന്ന കപ്പലും മാലിയില്‍ നിന്ന് ഇന്ത്യക്കാരുമായി എത്തും. തൂത്തുക്കുടിയിലായിരിക്കും ഇവരെ ഇറക്കുക. യാത്രക്കാരെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖത്ത് എല്ലാ വിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. കപ്പലില്‍ തന്നെ യാത്രക്കാരെ കോവിഡ് 19 പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമുള്ള യാത്രക്കാരെ ആദ്യം ഇറക്കും, തുടര്‍ന്ന് ജില്ല തിരിച്ച് 50 പേരുടെ ബാച്ചുകളായി മറ്റു യാത്രക്കാരും ഇറങ്ങും. രോഗലക്ഷണങ്ങളുടെ യാത്രക്കാരെ ക്വാറന്റീന് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവും. രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ക്ക് പ്രത്യേക മേഖലയും ടെര്‍മിനലില്‍ നീക്കി വച്ചിട്ടുണ്ട്. കപ്പലില്‍ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലിനുള്ളില്‍ തുടര്‍ പരിശോധനകള്‍ക്കും വിധേയമാക്കും. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസുകളില്‍ അതാത് ജില്ലകളിലേക്ക് അയക്കും. ഒരു ബസില്‍ 30 യാത്രക്കാരെയാണ് അനുവദിക്കുക. ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് എറണാകുളത്ത് തന്നെയായിരിക്കും ക്വാറന്റീന് സൗകര്യമൊരുക്കുക.
അതേസമയം വിദേശത്ത് കുടിങ്ങിക്കിടക്കുന്ന പൗരന്മാരെ രാജ്യത്ത് എത്തിക്കുന്നതിന് നാവികസേന പണം ഈടാക്കി. മാലിദ്വീപില്‍ നിന്ന് നാട്ടിലേക്ക് വരുന്ന ഇന്ത്യന്‍ പൗരന്മാരില് നിന്ന് ഒഴിപ്പിക്കല്‍ സേവന ചെലവായി 3028 രൂപ വീതമാണ് ഈടാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന പണം ഈടാക്കുന്നത്.