
തിരുവനന്തപുരം: പ്രവാസികള്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്ന് വൈകുന്നേരങ്ങളിലെ ബഡായി ബംഗ്ലാവിലിരുന്നു പറയുന്ന മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രഖ്യാപനങ്ങള്‍ പലതും പാഴ്വാക്കായി മാറുന്നു. പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനുമുന്നില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ബാധിച്ച് 103 മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ഇതില്‍ ബഹുഭൂരിപക്ഷവും ദുര്‍ബല കുടുംബങ്ങളിലെ ഏക അത്താണികളാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേകം സഹായം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗള്‍ഫില്‍ എത്തുന്നവര്‍ക്ക് എന്നും ആഥിത്യം അരുളിയിട്ടുള്ളവരാണ് പ്രവാസികള്‍. ദുരിത ബാധിതരായി അവര്‍ നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ക്വാറന്റൈന് ഫീസ് വാങ്ങാനുള്ള തീരുമാനം ക്രൂരതയാണ്. ധിക്കാരപരമായ ഈ നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ബെവ്ക്യൂ ആപ്പ് അഴിമതിയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കരന് ചെയര്‍മാനായ സമിതിയാണ് ഈ തട്ടിക്കൂട്ട് കമ്പനിയെ തെരഞ്ഞെടുത്തത്. ഇതിപ്പോള്‍ ആപ്പ് പ്രഖ്യാപിച്ച സര്‍ക്കാരിന് തന്നെ ആപ്പായി മാറിയിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു പരിചയവും ഇല്ലാത്ത സി.പി.എം.സഹയാത്രികന്റെ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്കിയതിനുപിന്നില് ദുരൂഹതയും അഴിമതിയും ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പ്രവാസികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. അവരില്‍നിന്ന് ക്വാറന്റൈന് ഫീസ് ഈടാക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇവരെ കാണുന്നത് പെയിംഗ് ഗസ്റ്റ് ആയിട്ടാണ്. ലോകകേരള സഭയ്ക്ക് വേണ്ടി ധൂര്‍ത്ത് അടിച്ച തുകയുടെ ഒരു പങ്ക് മതി ഇവരെ സംരക്ഷിക്കാനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജോലി നഷ്ടപ്പെട്ട ജീവിതം വഴിമുട്ടിയ പ്രവാസി മലയാളികള്നിന്ന് ക്വാറന്റൈന് ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം അലട്ടുന്ന പ്രവാസികള്‍ക്ക് തണലാകേണ്ട സര്‍ക്കാര്‍ ക്രൂരതയാണ് കാണിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ജില്ലാ ചെയര്മാന് സോളമന് അലക്സ് അധ്യക്ഷത വഹിച്ചു. 144 പ്രഖ്യാപിച്ച പാലക്കാട് ജില്ലയിലൊഴികെ 13 ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ്ണ നടന്നു.