
മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന് ചെലവ് സ്വയം വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഈ നിലപാട് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ മുസ്്ലിം ലീഗ് ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ പ്രവാസി മലയാളികളോട് കടുത്ത വഞ്ചനയാണ് കാണിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. എ മജീദ് കുറ്റപ്പെടുത്തി. കെ.എം.സി.സി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വിമാനം ഏര്‍പ്പാട് ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കാത്തത് കൊണ്ടാണ് സര്‍വീസ് നടത്താന്‍ കഴിയാത്തതെന്നും സംസ്ഥാന സര്‍ക്കാര്‍ അല്പം ദയയെങ്കിലും പ്രവാസി മലയാളികളോട് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത് പ്രകാരമുള്ള മുന്‍ഗണനാ പട്ടികയിലെ മുഴുവന്‍ പ്രവാസികളെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കുടുംബങ്ങളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. തിരിച്ചു വരേണ്ടി വന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം അടക്കം പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും യോഗത്തില്‍ മുസ്്ലിം ലീഗ് ആവശ്യപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുകയും ഗതാഗതം പുനരാരംഭിക്കുകയും വിദ്യാലയങ്ങള്‍ പരീക്ഷക്കായി തുറക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥനക്കായി നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കാന്‍ അനുവദിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന ത്രിതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണം. കോവിഡിന്റെ മറവില്‍ ഷോക്കടിപ്പിക്കുന്ന വൈദ്യുത ബില്‍ നല്കി ജനങ്ങളെ പീഡിപ്പിക്കുന്ന കെ.എസ്.ഇ.ബി നിലപാട് തിരുത്തണം. വര്‍ധിപ്പിച്ച അധിക തുക പിന്‍വലിക്കണം. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ച മാന്യതയും കരുണയും കേരളത്തിന് പുറത്തുള്ള മലയാളികളോടും കാണിക്കണമെന്ന് മുസ്്ലിം ലീഗ് ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ മലപ്പുറം ജില്ലാ കലക്ടറേറ്റിലിരുന്നാണ് അദ്ദേഹം പങ്കെടുത്തത്.