പ്രവാസികളോട് സര്‍ക്കാറിന് നിഷേധാത്മക നിലപാട്: എം.കെ മുനീര്‍

37

ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കാതെ ഒളിച്ചു കളിക്കുന്നു

കോഴിക്കോട്: പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വാചകമടിക്ക് അപ്പുറം സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് നിഷേധാത്മകവും വഞ്ചനാപരവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. ഹൈക്കോടതിയിലെ കേസ്സില്‍ എതിര്‍ കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ അഫ്ഡവിറ്റ് നല്‍കാതെ ഒളിച്ചു കളിക്കുന്നത് ദുരൂഹമാണ്. സുപ്രീം കോടതിയില്‍ വിഷയം വന്നതിനാല്‍ ഹൈക്കോടതി പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തിലുള്ള കെ.എം.സി.സി ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഇതു നികാരിച്ച് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെ കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. രോഗ നിയന്ത്രണം, വ്യാപനം എന്നിവയോടൊപ്പം ആരോഗ്യ സുരക്ഷയും മുന്‍ നിര്‍ത്തിയുള്ള കോടതിയുടെ കരുതലിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്ത് ഒളിച്ചോടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 11നും 17നും 21നും 24നും മൂന്നു തവണയാണ് ഹൈക്കോടതി സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടത്.24 ലെ വിധിയിലെ നാലാം കോളത്തില്‍ കൃത്യമായ വിവരങ്ങളാണ് കോടതി ആരാഞ്ഞത്. തിരിച്ചെത്തുന്നവര്‍ക്ക് കോറന്റൈനിലില്‍ കഴിയേണ്ട കെട്ടിടങ്ങള്‍ക്ക് പുറമെ, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെയെല്ലാം കൃത്യമായ വിവരങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് കോടതി നാലാം ഘട്ടത്തില്‍ ആവശ്യപ്പെട്ടിട്ടു പോലും ഒരാഴ്ച പിന്നിട്ടു. തിരിച്ചെത്തുന്നവരെ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം പോലും കൈവിശമില്ലെന്നാണ് വിവരം. റാപ്പിഡ് ടെസ്റ്റിന് പകരം കൃത്യതയുള്ള റാന്റം ടെസ്റ്റിനുള്ള സൗകര്യത്തെ കുറിച്ചു പോലും സര്‍ക്കാറിന് വ്യക്തതയില്ല.ജനങ്ങള്‍ക്ക് മുമ്പില്‍ വന്ന് വാചക കസര്‍ത്ത് നടത്തുന്നതുപോലെയല്ല കാര്യങ്ങളെന്നും ഒരു ഒരുക്കവും നടത്തിയിട്ടില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ശരിവെക്കുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ സമീപനമെന്ന് ഇതോടെ വ്യക്തമാവുകയാണ്. എല്ലാം കഴിഞ്ഞ് അവസാനം മാത്രമെ പ്രവാസികളുടെ തിരിച്ചു വരവ് പരിഗണിക്കേണ്ടതൊള്ളൂവെന്ന കേരള സര്‍ക്കാര്‍ നിലപാടാണ് കേന്ദ്രം പോലും പിടിവള്ളിയാക്കിയത്. മുഖ്യമന്ത്രി പതിവു വാര്‍ത്താ സമ്മേളനത്തില്‍ എല്ലാം ശരിയാണെന്ന് ആവര്‍ത്തിക്കുമ്പോള്‍ ഇത് രേഖാമൂലം ഹൈക്കോടതിയെ അറിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പറഞ്ഞതെല്ലാം പതിരാണെന്നാണ് മനസ്സിലാക്കേണ്ടത്. വാക്കുകളില്‍ പഞ്ചസാരയും പ്രവൃത്തിയില്‍ കുടിലതയുമാണ് ഭരണകൂടം കൈകൊള്ളുന്നത്. പ്രവാസികളുടെ ആശങ്ക അകറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.