പ്രവാസികള്‍ക്ക് തണലാവണം: ഹൈദരലി തങ്ങള്‍

8

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസമൊരുക്കണം

മലപ്പുറം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോവിഡ് സാഹചര്യത്തില്‍ തിരികെയെത്തുന്ന പ്രവാസികള്‍ക്ക് തണലായി ജന്മനാടും മലയാളികളും മാറണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ലോകത്താകമാനം അസാധാരണമായ സാഹചര്യമാണ്. വികസിത രാജ്യങ്ങള്‍ പോലും പ്രതിരോധ മാര്‍ഗങ്ങള്‍ തേടി അലയുകയാണ്. ഈ സാഹചര്യത്തിലാണ് നാടിന്റെ നട്ടെല്ലുകളായി വര്‍ത്തിക്കുന്ന പ്രവാസികള്‍ നാട്ടിലേക്ക് തിരികെയെത്തുന്നത്. ഇവരില്‍ രോഗികളും ഗര്‍ഭിണികളും ജോലി നഷ്ടപ്പെട്ടവരും പ്രായാധിക്യമുള്ളവരുമെല്ലാമുണ്ട്. അവരെ സഹായിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.
കേരളത്തിന്റെ സാമ്പത്തികാടിത്തറക്ക് പിറകില്‍ പ്രവാസികളാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അവര്‍ നാട്ടിലേക്ക് തിരികെ വരുന്നത് ജന്മനാട് സുരക്ഷിതത്വം നല്‍കുമെന്ന വിശ്വാസത്തിലാണ്. അവര്‍ക്ക് വേണ്ടി സര്‍ക്കാരുകള്‍ ശക്തമായി തന്നെ രംഗത്തിറങ്ങണം. കെ.എം.സി.സിയെ പോലുളള പ്രവാസി സംഘടനകള്‍ നമ്മുടെ അഭിമാനമാണ്. അവര്‍ വിദേശങ്ങളില്‍ ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ എപ്പോഴും മാതൃകാപരമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളെ കോവിഡ് ബാധിച്ച വേളയില്‍ അറബ് ഭരണക്കൂടത്തിനൊപ്പം നിതാന്ത ജാഗ്രതയില്‍ സേവന-സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായവരാണവര്‍. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി, അവിടെ ക്വാറന്റെന്‍ സംവിധാനമൊരുക്കി, മരുന്നും ഭക്ഷണവുമെല്ലാം എത്തിച്ച് നല്‍കി എല്ലാവരുടെയും പ്രശംസക്ക് പ്രാതമായവരാണവര്‍. ഇവിടെയും നമ്മള്‍ അതേ സേവന ജാഗ്രത പുലര്‍ത്തണം. പ്രവാസികളെ അകറ്റി നിര്‍ത്തുന്ന സമീപനം പാടില്ല.
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ തന്നെ എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. ശേഷമുള്ള കാലത്തേക്കാണ് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണ്ടത്. പലരും ജോലിയില്ലാതെയാണ് മടങ്ങിയിരിക്കുന്നത്. ജീവിത കാലത്തിന്റെ വലിയ പങ്കും വിദേശ മണ്ണില്‍ വിയര്‍പ്പൊഴുക്കിയവരാണ് ഇവരില്‍ കൂടുതലും. ഇത്തരത്തിലുളളവരുടെ ക്ഷേമത്തിനായി സര്‍ക്കാരിന്റെ പ്രവാസിക്ഷേമ ഫണ്ടും മറ്റ് ഔദ്യോഗിക പിന്തുണയും നല്‍കണം. പ്രവാസികളെ പരിചരിക്കുന്നതില്‍ നമ്മള്‍ എന്നും മുന്‍പന്തിയിലായിരുന്നു-അതേ നില തുടരണം. മുസ്‌ലിംലീഗ് പ്രവാസി ക്ഷേമത്തിന് എന്നും മുഖ്യ പരിഗണന നല്‍കിയ പാര്‍ട്ടിയാണ്. സംഘടനയുടെ എല്ലാ സംവിധാനങ്ങളും പ്രവാസി സേവനത്തിനും ക്ഷേമത്തിനുമായി അതിജാഗ്രതയില്‍ രംഗത്തുണ്ട്. ക്വാറന്റൈന്‍ സംവിധാനത്തിനായി എത്രയോ സ്ഥാപനങ്ങള്‍ കൈമാറിയിട്ടുണ്ട്. പരിശുദ്ധ റമസാന്‍ കാലമാണിത്. വിശുദ്ധ നാളുകളില്‍ നമ്മുടെ പ്രാര്‍ത്ഥനകളിലും പ്രവാസികളുണ്ടാവണം. മഹാമാരി ലോകം കീഴടക്കുമ്പോള്‍ വിശ്വാസത്തെ മുറുകെ പിടിച്ച് പ്രാര്‍ത്ഥനയും സേവന പ്രവര്‍ത്തനങ്ങളും സജീവമാക്കി പ്രവാസികള്‍ക്ക് തണലൊരുക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. അന്യ സംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളും ധാരാളമായി നാടിന്റെ തണല്‍ തേടി വരുന്നുണ്ട്. അവരെയും കൈവിടരുത്. മലയാളമെന്നത് നന്മയുടെ നാമമാണ്. ആ നന്മയെ എല്ലാവരും ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.