ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അന്തിമ രൂപം നല്‍കി. മെയ് ഏഴു മുതല്‍ 13 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 64 വിമാന സര്‍വീസുകളാണ് ഇതിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 14,800 പേരെയാണ് ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തിക്കുകയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ വിദേശത്തുനിന്നുള്ള ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനത്തിനാണ് ഇതിലൂടെ തുടക്കം കുറിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
യു.എ.ഇയിലേക്ക് പത്തും യു.എസിലേക്കും ബ്രിട്ടനിലേക്കും ഏഴു വീതവും സഊദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് അഞ്ചു വീതവും ഖത്തറിലേക്ക് രണ്ടും വിമാനങ്ങളാണ് അയക്കുക. ഇതിനു പുറമെ മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ഏഴു വീതവും കുവൈത്ത്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലേക്ക് അഞ്ചു വീതവും ഒമാന്‍, ബഹറൈന്‍ എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും വിമാനങ്ങള്‍ അയക്കുമെന്ന് കേന്ദ്ര വ്യോമയാനാ മന്ത്രി ഹര്‍ദീപ്‌സിങ് പുരി വ്യക്തമാക്കി. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി കാണിച്ച് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികളുടെ മുന്‍ഗണനാ പട്ടിക അതത് രാജ്യത്തെ എംബസികള്‍ നേരത്തെതന്നെ തയ്യാറാക്കിയിട്ടുണ്ട്. വിസിറ്റിങ് വിസയിലെത്തി കാലാവധി തീര്‍ന്നവര്‍, ഗര്‍ഭിണികള്‍, വയോജനങ്ങള്‍, കുട്ടികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നീ തരത്തിലാണ് മുന്‍ഗണന നിശ്ചയിച്ചിരുന്നത്. അഞ്ചു ലക്ഷത്തിലധികം പേരാണ് വിവിധ രാജ്യങ്ങളിലായി ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ മൂന്നു ശതമാനം പേരെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തിക്കുന്നത്.