പ്രവാസി ക്വാറന്റൈന് പണം ഈടാക്കുന്നത് ക്രൂരം: മുസ്‌ലിം ലീഗ്‌

കോഴിക്കോട്: വിദേശത്ത് നിന്ന് കേരളത്തില്‍ മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധിതമായി ക്വാറന്റൈലില്‍ പോവണമെന്നിരിക്കെ അതിനുള്ള ചെലവ് അവര്‍ നല്‍കണമെന്ന സര്‍ക്കാര്‍ നിലപാട് അനീതിയും വഞ്ചനയുമാണെന്ന് മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് എത്തിക്കുന്നത്. ഗര്‍ഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ മാത്രമാണ് വീടുകളിലേക്കോ ആസ്പത്രികളിലേക്കോ മാറ്റുന്നത്. ജോലി നഷ്ടപ്പെട്ടു വരുന്നവരും സര്‍ക്കാര്‍ നല്‍കുന്ന ക്വാറന്റൈന്‍ ബില്ല് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അംഗീകരിക്കാനാവില്ല.ഇത്രയും കാലം കേരളത്തെ തീറ്റി പോറ്റിയവര്‍ക്ക് ആപത്തു വന്നപ്പോള്‍ അവരെ സഹായിക്കുന്നില്ലെന്നു മാത്രമല്ല, ചൂഷണം ചെയ്യാനും ദ്രോഹിക്കാനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജോലി തേടി പോയി വെറും കയ്യോടെ മടങ്ങുന്നവരും മാസങ്ങളായി ജോലിയില്ലാതെ കഴിഞ്ഞവരും ജോലി നഷ്ടപ്പെട്ടവരുമാണ് തിരികെയെത്തുന്നതില്‍ ഭൂരിപക്ഷവും. ഇവരെ ആരോഗ്യ സുരക്ഷാ കാരണങ്ങളാല്‍ പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നതിനു പോലും പണം ഈടാക്കുന്ന സര്‍ക്കാറിന്റേത് ക്രൂര മനസ്സാണ്. ജോലി നഷ്ടപ്പെട്ട് വരുന്ന പ്രവാസികള്‍ക്ക് ആറു മാസത്തെ ശമ്പളം നല്‍കുമെന്നും പുനരധിവസിപ്പിക്കുമെന്നും ഭരണമേറ്റ ഉടന്‍ പ്രഖ്യാപിച്ച് കയ്യടി വാങ്ങിയ മുഖ്യമന്ത്രിയാണ് പിണറായി . കഷ്ടപ്പാടിന്റെ കാലത്ത് വാക്കു പാലിക്കുന്നതിന് പകരം സര്‍ക്കാറിന്റെ അഞ്ചാം വാര്‍ഷിക ഉപഹാരമായി പ്രവാസികളെ ശത്രുതയോടെ കാണുകയും പിടിച്ചു പറിക്കുകയുമാണ്. കോവിഡ് പകര്‍ച്ചാ ഭയത്താലും രോഗത്താലും ആശങ്കയില്‍ കഴിയുന്ന പ്രവാസികള്‍ കേരളത്തിലെത്തുന്നത് പലവഴി തടയാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.