ബംഗാള്‍ തീരം തകര്‍ത്തെറിഞ്ഞ് ഉംപുന്‍; മരണം 72

32
ഉന്‍പുന്‍ ചുഴലിക്കാറ്റിലും മഴയിലും കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളത്തിന്റെ ഒരു ഭാഗം വെള്ളത്തിലായപ്പോള്‍. ശക്തമായ കാറ്റില്‍ പാര്‍ക്കിങ് ബേയില്‍നിന്ന് തെന്നിനീങ്ങിയ വിമാനവും കാണാം

ന്യൂഡല്‍ഹി: പശ്ചിമബംഗാളിന്റെ തീരജില്ലകളെ തകര്‍ത്തെറിഞ്ഞ് ഉംപുന്‍ ചുഴലിക്കാറ്റ്. രണ്ടു പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റും അകമ്പടിയായി എത്തിയ മഴയും വന്‍ ദുരന്തമാണ് ബംഗാള്‍, ഒഡീഷ തീരത്ത് വിതച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയതായി ദുരന്ത നിവാരണ സേന അറിയിച്ചു.
കാറ്റിലും മഴയിലും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. പലയിടത്തും വന്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി തൂണുകള്‍ പൊട്ടിവീണും കമ്പികള്‍ പൊട്ടിയും ദുരന്ത ബാധിത മേഖല ഇരുട്ടിലാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രണ്ടര ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. കാറ്റിന് അകമ്പടിയായി എത്തിയ ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ മാത്രം 15 പേരാണ് ഉംപുന്‍ ചുഴലിക്കാറ്റില്‍ മരിച്ചത്. കണക്കു കൂട്ടിയതിനേക്കാള്‍ വലിയ ദുരന്തമാണ് ഉംപുന്‍ ബംഗാളില്‍ സൃഷ്ടിച്ചിതെന്നാണ് വിലയിരുത്തല്‍. കാറ്റ് തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളില്‍ വൈദ്യുതിയും റോഡ് ഗതാഗതവും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. നാലു കമ്പനി ദുരന്ത നിവാരണ സേനയെക്കൂടി അയക്കണമെന്ന ബംഗാള്‍ സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ച് കൂടുതല്‍ സംഘത്തെ കേന്ദ്രം അയച്ചു. ഇന്നലെ വൈകീട്ടോടെ തന്നെ വിമാനമാര്‍ഗം സംഘം കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്ത നഗരത്തില്‍ വൈദ്യുതി, മൊബൈല്‍ ഫോണ്‍ ബന്ധങ്ങളെല്ലാം താറുമാറായിട്ടുണ്ട്. തെക്ക് തെക്ക് കിഴക്കന്‍ ദിശയില്‍ ബംഗ്ലാദശ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാറ്റിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബംഗ്ലാദേശില്‍ ഉംഫുന്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കില്ലെന്നാണ് സൂചന. ചുഴലിക്കാറ്റിനെ ഭയന്ന് 14 ലക്ഷം ജനങ്ങളെയാണ് ബംഗ്ലാദേശ് തീരത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.