ബംഗ്ലാദേശില്‍ ലോക്ക്ഡൗണ്‍ മറവില്‍ ശുദ്ധജല ഡോള്‍ഫിന്‍ വേട്ട

46
ബംഗ്ലാദേശിലെ നദീതടത്തില്‍ ശുദ്ധജല ഡോള്‍ഫിന്റെ ശവശരീരം

ധാക്ക: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ മറവില്‍ മത്സ്യത്തൊഴിലാളികള്‍ വംശനാശ ഭീഷണി നേരിടുന്ന ശുദ്ധജല ഡോള്‍ഫിനുകളെ വേട്ടയാടുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ നദീതടത്തില്‍ ശുദ്ധജല ഡോള്‍ഫിന്റെ ശവശരീരം കണ്ടെത്തിയത് പരക്കെ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. തെക്കുകിഴക്കന്‍ പട്ടണമായ റവോജനില്‍ ഹല്‍ദ നദിയുടെ തീരത്ത് 62 ഇഞ്ച് നീളമുള്ള ഡോള്‍ഫിന്റെ ശരീരാവശിഷ്ടം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ അബ്ദുല്ല അല്‍ മാമുന്‍ പറഞ്ഞു.
കഴുത്തില്‍നിന്ന് വാല്‍ വരെയും ശരീരത്തില്‍ കൊഴുപ്പിന്റെ പാളികളിലും മൂര്‍ച്ചയേറിയ ആഴത്തിലുള്ള മുറിവുണ്ട്. കോവിഡ് പ്രതിരോധ ലോക്ക്ഡൗണ്‍ പ്രഖ്യാപച്ചിതിന് ശേഷം ബംഗ്ലാദേശിലെ ഈ വന്യജീവി സങ്കേതത്തില്‍ ചത്തനിലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ ശുദ്ധജല ഡോള്‍ഫിനാണിത്. വംശനാശ ഭീഷണി നേരിടുന്ന ജീവിയെന്ന നിലയില്‍ ശുദ്ധജല ഡോള്‍ഫിനുകളെ പിടികൂടുന്നത് ബംഗ്ലാദേശ് നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് റോന്തുചുറ്റുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചതിനാല്‍ അനധികൃത മത്സ്യവേട്ട വര്‍ദ്ധിച്ചതായി അധികൃതര്‍ പറയുന്നു. ഡോള്‍ഫിന്‍ കൊഴുപ്പിന് രോഗങ്ങള്‍ ഭേദമാക്കാന്‍ സാധിക്കുമെന്നാണ് ബംഗ്ലാദേശിലെ ഗ്രാമീണരുടെ വിശ്വാസം. വേള്‍ഡ് വൈള്‍ഡ്ലൈഫ് ഫണ്ടിന്റെ കണക്കുപ്രകാരം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ 1800ഓളം ഗംഗാ നദി ഡോള്‍ഫിനുകള്‍ മാത്രമാണുള്ളത്.