ബഹ്‌റൈനില്‍ നിന്ന് 177 പേരെത്തി

    18
    കരിപ്പൂരില്‍ ഇന്നലെ രാത്രി എട്ടിനെത്തിയ റിയാദ് വിമാനത്തിലെ യാത്രക്കാരെ കാത്ത് ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരും

    കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികളുമായി രണ്ടാമത്തെ വിമാനവും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. ഇന്നലെ രാത്രി പന്ത്രണ്ടിന് എത്തിയ വിമാനത്തില്‍ അഞ്ചു കുഞ്ഞുങ്ങളെ കൂടാതെ 177 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരെയെല്ലാം വിശദമായ പരിശോധനകള്‍ക്ക് ശേഷം അതാത് ജില്ലകളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. കാസര്‍ക്കോട്-1, കണ്ണൂര്‍-2, കോഴിക്കോട്-4, മലപ്പുറം-5, പാലക്കാട്-15, തൃശൂര്‍-37, എറണാകുളം-35, കോട്ടയം-23, ആലപ്പുഴ-14, ഇടുക്കി-7, പത്തനംതിട്ട-19, കൊല്ലം-10, തിരുവനന്തപുരം-1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍. ബെംഗളൂരുവില്‍ നിന്നുള്ള മൂന്നു പേരും മധുരയില്‍ നിന്നുള്ള ഒരു യാത്രക്കാരനും ബഹ്‌റൈന്‍ വിമാനത്തിലുണ്ടായിരുന്നു.
    പ്രവാസികളെ കൊണ്ടുവരുന്നതിന് ഇന്നലെ ഉച്ചയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് നിന്നാണ് ബഹറൈനിലേക്ക് പോയത്. ബഹ്‌റൈന്‍ സമയം വൈകിട്ട് 4.30 നാണ് വിമാനം മലയാളികളുമായി മടങ്ങിയത്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പേ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് യാത്രാനുമതി ലഭിച്ചവര്‍ക്ക് എംബസി അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നത്. പക്ഷെ നാട്ടിലേക്ക് മടങ്ങാന്‍ 12 മണിക്ക് മുമ്പ് തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്നു. വിമാനത്തില്‍ കയറുന്നവര്‍ക്ക് കൊറോണ ബാധയുണ്ടോയെന്ന്! അറിയുന്നതിന് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചാണ് ഇവരെ പരിശോധിച്ചത്. ഇവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താനായില്ല. കൃത്യമായ സാമൂഹ്യ അകലം പാലിച്ചാണ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കാണ് ബഹറൈനില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ യാത്രയ്ക്ക് അനുമതി ലഭിച്ചത്. സാമൂഹ്യ അകലം പാലിക്കാന്‍ വിമാനത്തില്‍ സീറ്റുകള്‍ ഒഴിച്ചിടുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലില്‍ പകരം മുമ്പിലെയും പിന്നിലെയും ഒന്‍പത് സീറ്റുകള്‍ ഒഴിച്ചിട്ടു. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും ശാരീരിക അസ്വാസ്ഥ്യമുണ്ടായാല്‍ പരിചരണം നല്‍കാനായിരുന്നു ഇത്.
    ഇന്ന് രണ്ടു വിമാനങ്ങള്‍ കൂടി കൊച്ചിയിലെത്തും. കുവൈറ്റ്-കൊച്ചി വിമാനം രാത്രി 9.15നും മസ്‌ക്കത്ത്-കൊച്ചി വിമാനം രാത്രി 8.50നും കൊച്ചിയില്‍ ലാന്‍ഡ് ചെയ്യും. മെയ് 12 വരെ അഞ്ചു വിമാനങ്ങള്‍ കൂടി കൊച്ചിയിലേക്ക് പ്രവാസികളുമായി എത്തും. വ്യാഴാഴ്ച രാത്രി കൊച്ചിയിലെത്തിയ ആദ്യ വിമാനത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള 22 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ രോഗലക്ഷണങ്ങളില്ലാത്ത പന്ത്രണ്ട് പേരും സമീപ ജില്ലകളില്‍ നിന്നുള്ള ആറു പേരും ജില്ലയിലെ നിരീക്ഷണ കേന്ദ്രമായ മുട്ടം എസ്.സി.എം.എസ് ഹോസ്റ്റലിലാണ്. ഒമ്പത് പേരെ വീടുകളിലേക്ക് നിരീക്ഷണത്തിനയച്ചു. ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജിലാണ്. 60 റൂമുകളുള്ള എസ്.സി.എം.എസ് ഹോസ്റ്റലില്‍ സൗജന്യ വൈഫൈ സംവിധാനമുള്‍പ്പടെ ലഭ്യമാക്കിയിട്ടുണ്ട്. പ്രാഥമിക സൗകര്യങ്ങളും ഹോസ്റ്റലില്‍ ഒരുക്കിയിട്ടുണ്ട്. ടൂത്ത് ബ്രഷും പേസ്റ്റും മുതല്‍ മാറി വിരിക്കാന്‍ കിടക്ക വിരി വരെ തയ്യാറാക്കിയ ശേഷമാണ് നിരീക്ഷണത്തിലുള്ള ആളുകളെ ഹോസ്റ്റലില്‍ എത്തിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നെത്തിയ 216 പേരും ജില്ലയിലെ അഞ്ച് നിരീക്ഷണ കേന്ദ്രങ്ങളിലായുണ്ട്.