ബി.ജെ.പിക്ക് തിരിച്ചടി; ഗുജറാത്ത് മന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി

46

ഗാന്ധിനഗര്‍: ഗുജറാത്തിലെ വിജയ് രൂപാണി മന്ത്രിസഭയില്‍ അംഗമായ ഭൂപേന്ദര്‍സിന്‍ഹ ചുദാസാമയുടെ 2017ലെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. ദോല്‍ക്ക മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷത്തിനു മാത്രം ചുദാസാമയോട് പരാജയപ്പെട്ട എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ അശ്വിന്‍ റാത്തോഡ് നല്‍കിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്. ഗുജറാത്ത് സര്‍ക്കാറില്‍ വിദ്യാഭ്യാസം, നീതീ, നിയമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായ ചുദാസാമയെ അസാധുവാക്കിയത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.
റിട്ടേണിങ് ഓഫീസറും ഡപ്യൂട്ടി കളക്ടറും ചേര്‍ന്ന് വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നും തനിക്ക് അനുകൂലമായ 429 പോസ്റ്റല്‍ വോട്ടുകള്‍ നിഷേധിച്ചെന്നുമായിരുന്നു റാത്തോഡിന്റെ പരാതി. റാത്തോഡിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. മോദിയുടെയും അമിത്ഷായുടേയും സ്വന്തം തട്ടകത്തില്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. കേന്ദ്ര, സംസ്ഥാന ഭരണത്തിന്റെ തണലില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ബി.ജെ.പി വ്യാപകമായി ദുരുപയോഗം ചെയ്‌തെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നത് കൂടിയാണ് ചുദാസാമയുടെ വിജയം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ്. അതേസമയം കോടതി ഉത്തരവിനു ശേഷവും ചുദാസാമയെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തെത്തി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പ്രതികരിച്ചു. ജനസംഘത്തിന്റെ കാലം മുതല്‍ ചുദാസാമ പാര്‍ട്ടിക്കൊപ്പമുണ്ട്. ബി.ജെ.പി അദ്ദേഹത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും നിതിന്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാംഗത്വത്തിലും മന്ത്രിസ്ഥാനത്തിലും അദ്ദേഹം തുടരുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് നിതിന്‍ പട്ടേല്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. അതേസമയം ഹൈക്കോടതി ഉത്തരവോടെ ചുദാസാമയുടെ നിയമസഭാംഗത്വം സ്വാഭാവികമായി നഷ്ടമാകുമെന്ന് നിയമ വിദഗ്ധര്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നായിരുന്നു ഹൈക്കോടതി വിധിയോട് കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോലിയുടെ പ്രതികരണം.