ഭാഷാ സമര രക്തസാക്ഷികളുടെ അമര സ്മരണയില്‍ വീണ്ടും റമസാന്‍ 17

10
ഭാഷാ സമര അനുസ്മരണദിനമായ ഇന്നലെ രക്തസാക്ഷി മൈലപ്പുറത്തെ അബ്ദുല്‍ മജീദിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, യു.എ ലത്തീഫ് എന്നിവര്‍

ഭാഷാ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളുമായി വീണ്ടും ഒരു റമസാന്‍ 17. അറബി ഭാഷക്കായി ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ അബ്ദുല്ല എന്ന കുഞ്ഞിപ്പ, തേഞ്ഞിപ്പലത്തെ അബ്ദുറഹ്്മാന്‍ എന്നിവരുടെ ധീരസ്്മൃതികളുണരുന്ന ദിനമാണിന്ന്. 1980ല്‍ സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്ന് അറബി ഭാഷയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരെ ഇടതു സര്‍ക്കാര്‍ കരിനിയമങ്ങള്‍ കൊണ്ടുവന്നു.
ഭരണഘടനാദത്തമായ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ ഭാഷാ സ്‌നേഹികള്‍ പ്രക്ഷോഭ രംഗത്തിറങ്ങി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്തു. 1980 ജൂലൈ 30 (റംസാന്‍ 17) മലപ്പുറത്ത് സമരത്തിലേര്‍പ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് നെരെ പൊലീസ് നിറയൊഴിച്ചു. മൂസ്‌ലിം യൂത്ത്‌ലീഗ് സമരഭടന്മാരായ മജീദും റഹ്്മാനും കുഞ്ഞിപ്പയും രക്തസാക്ഷികളായി. ഓരോ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെയും മനസില്‍ ഇന്നും ആവേശം തുടിക്കുന്ന അധ്യായം.
അധികാരി വര്‍ഗത്തിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തെ ശക്തമായ ചെറുത്തുനില്‍പ്പ് കൊണ്ട് തിരുത്തിയ ഐതിഹാസിക സമരമായി 1980ലെ ഭാഷാസമരം. ജനവിരുദ്ധരും, മര്‍ദ്ദകരുമായ ഭരണകൂടങ്ങളെ എങ്ങിനെയാണ് ജനാധിപത്യ സമരമാര്‍ഗങ്ങളിലൂടെ തിരുത്തേണ്ടതെന്നതിനുള്ള മാര്‍ഗരേഖ കൂടിയായിരുന്നു ആ സമരം. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പതിവ് അനുസ്മരണ പരിപാടികളിലെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ വര്‍ഷം തോറും വിവിധ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിക്കാറ്. നേതാക്കളുടെ നേതൃത്വത്തില്‍ മൂന്നുപേരുടെ കബറിടത്തിലും പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് അനുസ്മരണ പരിപാടികള്‍ ആരംഭിക്കുക. എന്നാല്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഇത്തവണ കൂട്ടമായുള്ള ഖബറ് സിയാറത്തും മറ്റ് അനുസ്മരണ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വിപുലമായ അനുസ്മരണ പരിപാടികളാണ് ഇന്ന് നടക്കുന്നത്. രാവിലെ 10ന് കെ.എം.സി.സി നെറ്റ്‌സോണ്‍ ലൈവില്‍ നടക്കുന്ന അനുസ്മര പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. യു.എ ലത്തീഫ്, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, സി.പി സൈതലവി, കെ.പി മുഹമ്മദ്കുട്ടി, പുത്തൂര്‍ റഹ്്മാന്‍ പ്രസംഗിക്കും. മലപ്പുറത്തെ മൈലപ്പുറം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന മജീദിന്റെ ഖബറിടത്തില്‍ ഇന്നലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, അഡ്വ. യു.എ ലത്തീഫ്, രക്തസാക്ഷി മജീദിന്റെ മകന്‍ മഹ്മൂദ് എന്നിവരാണ് പങ്കെടുത്തത്.
കാളികാവില്‍ കുഞ്ഞിപ്പയുടെ ഖബറിടത്തില്‍ നടന്ന സിയാറത്തില്‍ ഫരീദ് റഹ്മാനി കാളികാവ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ്, ഇ.പി യൂസുഫ്ഹാജി, കെ.പി ഹൈദരലി, സി.കെ കുഞ്ഞാണി പങ്കെടുത്തു. തേഞ്ഞിപ്പലം നെടുങ്ങോട്ടുമാട് ജുമാമസ്ജിദില്‍ റഹ്മാന്റെ ഖബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനക്ക് റാഫി ഫൈസി നേതൃത്വം നല്‍കി. എം.എ ഖാദര്‍, ഹനീഫ മൂന്നിയൂര്‍, സി.എ ബഷീര്‍, സി.അന്‍സാര്‍ നേതൃത്വം നല്‍കി. ഭാഷാസമര രക്തസാക്ഷികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.