മന്ത്രിക്ക് ക്വാറന്റൈനില്ലേ..? : കെ.എം ഷാജി

9

കോഴിക്കോട്: കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഒന്നടങ്കം വൃത്തികെട്ട രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുകയാണെന്നും പ്രതിരോധ പ്രോട്ടോകോളില്‍ സര്‍ക്കാര്‍ അളിഞ്ഞ അജണ്ടകള്‍ കുത്തിക്കയറ്റരുതെന്നും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. വാളയാര്‍ അതിര്‍ത്തിയില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ ചെന്ന ശ്രീകണ്ഠനും, പ്രതാപനും, രമ്യ ഹരിദാസും, ഷാഫിയും, അനില്‍ അക്കരയും അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്; അവര്‍ അത് അനുസരിക്കുകയും ചെയ്യും. എന്നാല്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഒന്നടങ്കം വൃത്തികെട്ട രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി ആണ് ഈ സംഭവം. കോവിഡ് പ്രതോരോധ പ്രോട്ടോകോള്‍ പോലും എന്ത് മാത്രം സ്വജനപക്ഷപാതപരമായും രാഷ്ട്രീയ ലാക്കോടും കൂടിയാണ് ഈ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇതേ വാളയാറില്‍ തൊട്ടു തലേ ദിവസം എത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അന്ന് അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആരോഗ്യ, നിയമപാലന പ്രവര്‍ത്തകരോട് ക്വാറന്റൈനില്‍ പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല.
സംസ്ഥാനത്തെ ഒരു മന്ത്രി, എ സി മൊയ്തീന്‍ (കഴുത്തില്‍ മാസ്‌ക് ധരിച്ച്) നേരിട്ടെത്തി സ്വീകരിച്ച സംഘത്തില്‍ പെട്ട ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും ഈ മന്ത്രിയോട് ക്വാറന്റൈനില്‍ പോകാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല.പരസ്യമായി ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കുട്ടികളെ അടക്കം പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാന്‍ നേത്രത്വം നല്‍കിയ മറ്റൊരു മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസില്ല; മന്ത്രി എ.സി മൊയ്തീന്‍ പോകേണ്ടതില്ലാത്ത ക്വാറന്റൈനിലേക്ക് ശ്രീകണ്ഠനെയും, ഷാഫിയെയും, പ്രതാപനെയും, അനിലിനെയും, രമ്യയെയും അയക്കുമ്പോള്‍ അതിലെ വൃത്തി കെട്ട രാഷ്ട്രീയം ഞങ്ങള്‍ പൊതു സമൂഹത്തോട് പറയുക തന്നെ ചെയ്യും. കടകംപള്ളി സുരേന്ദ്രന് ഇല്ലാത്ത ലോക്ക് ഡൌണ്‍ ലംഘന കേസുകള്‍ യുഡിഫ് കാരന് മേല്‍ ചാര്‍ത്തുന്നതിലെ സ്വജനപക്ഷപാതിത്വം ഞങ്ങള്‍ ചൂണ്ടിക്കാണിക്കുക തന്നെ ചെയ്യും-ഷാജി വ്യക്തമാക്കി.