മന്ത്രി മൊയ്തീന്‍ സന്ദര്‍ശിച്ച പ്രവാസികളില്‍ 5 പേര്‍ക്ക് കോവിഡ്‌

91
മെയ് എട്ടിന് പുലര്‍ച്ചെ 3.30ന് അബുദാബിയില്‍ നിന്ന് ഗുരുവായൂരിലെത്തിയവരോട് മാസ്‌ക് താഴേക്കിറക്കി അടുത്തുനിന്ന് സംസാരിക്കുന്ന മന്ത്രി എ.സി മൊയ്തീന്‍ (ഫയല്‍ചിത്രം)

അബുദാബിയില്‍ നിന്നും ഗുരുവായൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തിലെത്തിച്ച 37 അംഗ സംഘത്തിലെ അഞ്ചുപേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ വെട്ടിലായി തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി മൊയ്തീന്‍. തൃശൂര്‍ ജില്ലയില്‍ അടുത്ത ദിവസങ്ങളിലായി സ്ഥിരീകരിച്ച ഏഴ് കോവിഡ് പോസിറ്റീവ് കേസുകളില്‍ അഞ്ചെണ്ണവും ഗുരുവായൂരിലെ ക്വാറന്റയില്‍ കേന്ദ്രത്തില്‍ കഴിഞ്ഞവരാണെന്നതാണ് മന്ത്രി മൊയ്തീന് കുടുക്കുന്നത്. മെയ് എട്ടിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 38 പ്രവാസി മലയാളികളേയും കൊണ്ട് പുലര്‍ച്ചെ മൂന്നരയോടെ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ ഗുരുവായൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തിലെത്തുമ്പോള്‍ മന്ത്രി എ.സി മൊയ്തീനും കലക്ടര്‍ എസ്. ഷാനവാസും ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സനും ഉള്‍പ്പെടെയുള്ളവര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രി പ്രവാസികളുടെ അടുത്ത് നിന്ന് മാസ്‌ക് മുഖത്തുനിന്നും താഴേക്കാക്കി യാത്രാവിവരങ്ങള്‍ ചോദിച്ച് അവരെ ക്വാറന്റയിനിലാക്കിയതിനുശേഷമാണ് മടങ്ങിയത്. ഒരാള്‍ക്ക് കോവിഡ് ബാധിച്ചതിന്റെ പേരില്‍ വാളയാറില്‍ ചെക്ക് പോസ്റ്റില്‍ ഭക്ഷണം കിട്ടാതെയും യാത്രാപാസ് സംബന്ധിച്ച തര്‍ക്കങ്ങളില്‍ കുടുങ്ങിയവരെ സന്ദര്‍ശിച്ച എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ടി.എന്‍ പ്രതാപന്‍, രമ്യഹരിദാസ്, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരെ ക്വാറന്റയിനിലാക്കിയ മെഡിക്കല്‍ ബോര്‍ഡ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ പോവുകയും വിദേശത്തുനിന്നെത്തിയവരോട് വളരെ അടുത്തിടപഴകുകയും ചെയ്ത മന്ത്രി മൊയ്തീന്‍ ക്വാറന്റയിന്‍ പോകേണ്ടെന്ന വിചിത്രമായ കണ്ടുപിടുത്തമാണ് കഴിഞ്ഞദിവസം നടത്തിയത്. യു.ഡി.എഫ് എം.പിമാരും എം.എല്‍.എ മാരും സന്ദര്‍ശനം നടത്തി മടങ്ങിയതിനുശേഷമെത്തിയ ഒരാള്‍ക്കാണ് വാളയാറില്‍ കോവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ഗുരുവായൂരില്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയ 37 പേരെയും സന്ദര്‍ശിച്ചതിനുശേഷമാണ് മന്ത്രി എ.സി മൊയ്തീനും കലക്ടറുമടങ്ങിയ സംഘം മടങ്ങിയത്. എന്നാല്‍ സാമൂഹിക അകലം പാലിക്കാതെ ഗുരുവായൂരില്‍ പ്രവാസികളോട് അടുത്തിടപഴുകിയ മന്ത്രി മൊയ്തീന്റെയും കലക്ടര്‍ എസ്. ഷാനവാസിന്റെയും നടപടികളെയും കുറിച്ച് ജില്ലാ മെഡിക്കല്‍ സംഘം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമേയില്ല.