
ലണ്ടന്‍: യൂറോപ്പിലെ മറ്റേത് രാജ്യങ്ങളെക്കാളും കൂടുതല്‍ ആളുകള്‍ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ്(ഒ.എന്‍.എസ്) കണക്ക് വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ മൊത്തം 32,313 പേര്‍ മരിച്ചതായി ഒ.എന്‍.എസിന്റെ പ്രതിവാര കണക്കില്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇംഗ്ലണ്ടിലും വെയില്‍സിലും മാത്രം ഏഴായിരത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്. ഇറ്റലിയെയും മറികടന്നാണ് ബ്രിട്ടനില്‍ മരണനിരക്ക് ഉയരുന്നത്. യൂറോപ്പില്‍ കോവിഡ് വൈറസ് വ്യാപനം ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ദൈനംദിന കണക്കില്‍ ഇതുവരെ ആശുപത്രിയിലെ മരണങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ. എന്നാല്‍ കെയര്‍ ഹോമുകള്‍ പോലുള്ള സ്ഥലങ്ങളിലെ മരണങ്ങള്‍ കൂടി ചേര്‍ത്താണ് മരണനിരക്ക് പുതുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന് നേരിട്ട് റിപ്പോര്‍ട്ട് നല്‍കുന്ന നോണ്‍ മിനിസ്റ്റീരിയല്‍ വിഭാഗമാണ് ഒഎന്‍എസ്. ഏപ്രില്‍ 24 വരെയുള്ള കണക്കുപ്രകാരം ഇംഗ്ലണ്ടില്‍ 28,272 പേരും വെയില്‍സില്‍ 1376 പേരും മരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ ലണ്ടനില്‍ ഏപ്രില്‍ 24ന് അവസാനിച്ച ആഴ്ചയില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങളില്‍ 50.5 ശതമാനവും കോവിഡിനെ തുടര്‍ന്നാണ്. യൂറോപ്പില്‍ കോവിഡ് ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച ഇറ്റലിയില്‍ 29,079 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവരുമ്പോള്‍ മരണനിരക്ക് ഇനിയും കൂടിയേക്കുമെന്ന് ഒഎന്‍എസ് പറയുന്നു. കോവിഡ് വ്യാപനം പരമാവധി കുറച്ച് ലോക്ക്ഡൗണില്‍ ഇളവുനല്‍കാനും സമ്പദ്ഘടനയെ തിരികെകൊണ്ടുവരാനുമാണ് ബ്രിട്ടീഷ് ഭരണകൂടം ആലോചിക്കുന്നുണ്ട്.