രാജ്യം അഭൂതപൂര്‍വമായ കാലുഷ്യത്തിലൂടെ കടന്നുപോകുമ്പോള്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരികരംഗത്തുനിന്നുള്ള എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം മതേതരത്വത്തിലേല്പിച്ചിരിക്കുന്നത് അപരിഹാര്യമായ വിടവാണ്. രാഷ്ട്രീയനേതാവ്, പാര്ലമെന്റേറിയന്, ഭരണാധികാരി, പ്രഭാഷകന്‍, എഴുത്തുകാരന്, പത്രപ്രവര്ത്തകന് തുടങ്ങിയനിലകളില്‍ പ്രശോഭിച്ച സവ്യസാചിയാണ് വിടപറഞ്ഞിരിക്കുന്നത്. 1936ല്‍ വയനാട്ടില്‍ ‘വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച’ മണിയങ്കോട് പത്മപ്രഭാ വീരേന്ദ്രകുമാര്‍ എന്ന ബഹുമുഖപ്രതിഭയുടെ എണ്പതിലധികംസംവല്സരങ്ങളുടെ ജീവിതസപര്യക്ക് വ്യാഴാഴ്ചരാത്രി കോഴിക്കോട്ട് തിരശീലവീഴുമ്പോള്‍ ബാക്കിയാകുന്നത് രാജ്യം എങ്ങോട്ടുപോകണമെന്ന അദ്ദേഹത്തിന്റെ സന്ദേശമാണ്. സൗമ്യവും ആശയസമ്പന്നവുമായ ഭാഷണവും പെരുമാറ്റവും വീരേന്ദ്രകുമാറിനെ പൊതുവേദികളില്‍ വേറിട്ടുനിര്‍ത്തി. രാംമനോഹര്‍ലോഹ്യ, ജയപ്രകാശ്നാരായണന്‍ തുടങ്ങിയ പ്രഗല്ഭരാഷ്ട്രീയനേതാക്കളുമായി നേരിട്ട് ബന്ധപ്പെടാനും പ്രവര്‍ത്തിക്കാനും അവസരംലഭിച്ചു. സംയുക്തസോഷ്യലിസ്റ്റ് പാര്ട്ടിയിലൂടെവളര്ന്ന് ജനതാപാര്‍ട്ടിയിലും ജനതാദളിലും പിന്നീട് സോഷ്യലിസ്റ്റ്ജനതാദളിലും എത്തിയ വീരേന്ദ്രകുമാറിനെ സമകാലികരാഷ്ട്രീയക്കാരില് പലരില്‍നിന്നും വ്യതിരിക്തനാക്കുന്നത് അദ്ദേഹത്തിലെ കറകളഞ്ഞ മതനിരപേക്ഷതാബോധമാണ്. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും വര്‍ഗീയരാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാതെ പോരാടിയത് വീരേന്ദ്രകുമാറിന്റെ പൊതുപ്രവര്‍ത്തനത്തിലെ തിളങ്ങുന്ന അധ്യായമാണ്. മതേതരത്വത്തിന്റെ സൗമ്യമന്ദഹാസമാണ് മറഞ്ഞിരിക്കുന്നത്.
പ്രമുഖസാഹിത്യകാരന്മാരുമായും അക്കാദമികവ്യക്തിത്വങ്ങളുമായും കലാകാരന്മാരുമായുമൊക്കെ അടുത്തബന്ധം സ്ഥാപിക്കാന്‍ വീരേന്ദ്രകുമാറിനായി. വെറുമൊരു എസ്റ്റേറ്റ്മുതലാളിയായി അറിയപ്പെടുമായിരുന്ന എം.കെ പത്മപ്രഭാഗൗഡറുടെ പുത്രനെ രാഷ്ട്രീയസാംസ്കാരികരംഗത്തെ ഉന്നതങ്ങളിലേക്കെത്തിച്ചത് കഠിനാധ്വാനവും അടങ്ങാത്ത സാഹിത്യവാഞ്ചയുമായിരുന്നു. 1933ലാണ് പിതാവിന്റെ താവഴിയിലൂടെ ‘മാതൃഭൂമി’ യില്‍ ഡയറക്ടറായി വീരേന്ദ്രകുമാര്‍ ചുമതലയേല്‍ക്കുന്നത്. 1979ല്‍ മാനേജിംഗ് ഡയറക്ടറായശേഷം പത്രത്തെ കൂടുതല്മലയാളികളിലേക്ക് സന്നിവേശിപ്പിക്കുന്നതിലും സാങ്കേതിവിദ്യയില്‍ മുന്പന്തിയിലെത്തിക്കുന്നതിലും വീരേന്ദ്രകുമാറിനായി. കെ.പി കേശവമേനോനും കോഴിപ്പുറത്ത് മാധവമേനോനും മറ്റുംചേര്‍ന്ന് പടുത്തുയര്‍ത്തിയ കോണ്‍ഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും മുഖപത്രത്തില്നിന്ന് മാതൃഭൂമിയെ മാറ്റാന്ശ്രമിച്ചപ്പോള് അതിന്റെ ഗതകാലമൂല്യങ്ങളെ പിടിച്ചുനിര്‍ത്തി മതേതരത്വത്തിന്റെ വായനാസാക്ഷ്യമായി പത്രത്തെ അദ്ദേഹം നിലനിര്‍ത്തി.
സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ കേരളത്തിലെ ഇടതുപക്ഷമുന്നണിക്കകത്ത് ദീര്‍ഘകാലം നിലയുറപ്പിച്ചപ്പോഴും സി.പി.എമ്മിന്റെയും മറ്റും അരുതായ്മകള്‍ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കാന്‍ വീരേന്ദ്രകുമാര്‍ കാണിച്ച ആര്‍ജവം എടുത്തുപറയത്തക്കതാണ്. ഇതുകാരണം അദ്ദേഹത്തെ ഒരുപരിധിവരെ അധികാരസിംഹാസനങ്ങളില്നിന്ന് അകറ്റി. ഇടതുമുന്നണിയുടെ കണ്‍വീനറായിട്ടും മുന്നണിയിലെ പാര്‍ട്ടികളിലൊന്നിനെ നയിച്ചിട്ടും അര്‍ഹമായപരിഗണന അദ്ദേഹത്തിന് മുന്നണിയില്‍നിന്ന് ലഭിച്ചില്ലെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. രാഷ്ട്രീയമെന്നാല്‍ വിട്ടുവീഴ്ചകള്കൂടിയാണല്ലോ. ഇതായിരിക്കണം സി.പി.എംനേതൃത്വത്തിലെ ചിലരുമായി ഇടഞ്ഞ് ഇടതുമുന്നണിയില്‍നിന്ന് പുറത്തുപോകേണ്ടിവന്നിട്ടും നാലുവര്‍ഷത്തിനകം അതേമുന്നണിയിലേക്ക് തിരിച്ചുപോകാന്‍ വീരേന്ദ്രകുമാറിനെ പ്രേരിപ്പിച്ചത്. 2014ല്‍ പാലക്കാട്ലോക്സഭാമണ്ഡലത്തില് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനും പിന്നീട് യു.ഡി.എഫ്വഴി രാജ്യസഭയിലെത്താനും അദ്ദേഹത്തിനായി. പക്ഷേ വൈകാതെ ദേശീയരാഷ്ട്രീയത്തിന്റെ ചുവടുപിടിച്ച് രാജ്യസഭാംഗത്വം രാജിവെച്ച് ഇടതുമുന്നണിവഴി അതേപദവിയിലേക്ക് തിരിച്ചുകയറാനും വീരേന്ദ്രകുമാര്‍ മടികാണിച്ചില്ല. ജനതാദള്നേതൃത്വം ബി.ജെ.പിയുമായി ഇടക്കുണ്ടാക്കിയ ബാന്ധവം അദ്ദേഹത്തിലെ മതേതരവാദിയെ അസ്വസ്ഥനാക്കുകയും അല്പകാലത്തേക്ക് പാര്ട്ടിവിടുന്നതില്വരെ അതെത്തുകയുംചെയ്തു.
ബാബരിമസ്ജിദ് തകര്‍ക്കുന്ന 1992കാലത്തും പിന്നീടും അവിരാമം മതേതരത്വത്തിനുവേണ്ടി ശബ്ദിച്ച വീരേന്ദ്രകുമാര്‍ രചിച്ച ‘രാമന്റെ ദു:ഖം’ അനുവാചകരിലും രാഷ്ട്രീയക്കാരിലും അദ്ദേഹത്തെക്കുറിച്ച് അപരിമേയമായ മതിപ്പുളവാക്കി. കേന്ദ്രസാഹിത്യഅക്കാദമി, കേരളസാഹിത്യഅക്കാദമി അവാര്‍ഡുകള്‍ തുടങ്ങി എണ്ണമറ്റ പരസ്കാരങ്ങള്‍ വീരേന്ദ്രകുമാറിനെ തേടിയെത്തുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിലെ എഴുത്തുകാരനെയും പ്രഭാഷകനെയും മലയാളി തിരിച്ചറിഞ്ഞിരുന്നു. ഹൈമവതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, ഡാന്യൂബ് സാക്ഷി തുടങ്ങിയ രചനകള്‍ വീരേന്ദ്രകുമാറിലെ എഴുത്തുകാരനെ പ്രശോഭിപ്പിച്ചു. രാഷ്ട്രീയക്കാരിലെ എഴുത്തുകാരനും എഴുത്തുകാര്‍ക്കിടയിലെ രാഷ്ട്രീയക്കാരനുമായി അദ്ദേഹംമാറിയത് സി.എച്ചിനെയും ഇ.എം.എസിനെയും ഓര്‍മിപ്പിച്ചു. 1987ല്‍ ഇ.കെ നായനാര്മന്ത്രിസഭയില് വനംവകുപ്പുമന്ത്രിയായ വീരേന്ദ്രകുമാറിന് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്താല്‍ 48 മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ചൊഴിയേണ്ടിവന്നത് ആ വ്യക്തിത്വത്തിലെ വിട്ടുവീഴ്ചയെ ഓര്‍മിപ്പിച്ചു. പരിസ്ഥിതിരംഗത്തെ അദ്ദേഹത്തിന്റെതാല്പര്യം പ്രകടമാക്കുന്ന സംഭവങ്ങളാണ് സംസ്ഥാനമന്ത്രിപദത്തിലിരുന്ന് നല്കിയ മരംമുറിനിരോധനഉത്തരവ്.
പാലക്കാട്ടെ പ്ലാച്ചിമടയില്‍ ഇടതുമുന്നണിസര്‍ക്കാര്‍ അനുവദിച്ച കൊക്കോകോളഫാക്ടറിക്കെതിരെ സമരംനയിക്കുന്നതിലും അത് പൂട്ടിക്കുന്നതിലും വിജയിച്ചു. അവിടെ പ്രൊഫ.വന്ദനശിവയുമായി ചേര്‍ന്ന് ലോകജലസമ്മേളനം നടത്താനും വീരേന്ദ്രകുമാര്‍ തയ്യാറായി. പി.ടി.ഐ വാര്‍ത്താഏജന്‍സിയുടെ മൂന്നുതവണചെയര്മാനും പത്രഉടമാസംഘടനയായ ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായി അദ്ദേഹം. കേന്ദ്രധന-തൊഴില്‍കാര്യ സഹമന്ത്രിയായിരിക്കവെ വീരേന്ദ്രകുമാര്‍ ഇറക്കിയ ഉത്തരവുകള്‍ ഇന്നും ഇ. പി.ഫ്, ഇ.എസ്.ഐ തുടങ്ങിയ മേഖലകളില്‍ വേറിട്ട് നിലകൊള്ളുന്നു. ചുരുക്കത്തില്‍ വീരേന്ദ്രകുമാറിലൂടെ കേരളത്തിനും ഇന്ത്യക്കും നഷ്ടമായിരിക്കുന്നത് നല്ലൊരുമനുഷ്യസ്നേഹിയെയാണ്.