ആകെ നിരീക്ഷണത്തിലുള്ളത് 1,591 പേര്
മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുകയാണ്. നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ഥിച്ചു. പുതിയ രോഗബാധിതരും പ്രത്യേക നിരീക്ഷണത്തില്‍ വരുന്നവരും കുറയുന്നത് ആശ്വാസകരമാണ്. എന്നാല്‍ ഇത് മുന്‍നിര്‍ത്തി ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം പാടില്ല. ജില്ലയില്‍ തുടരുന്ന നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും ലംഘിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഇന്നലെ മുതല്‍ 67 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,591 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 28 പേരാണ് വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 24, നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ മൂന്ന്, തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ ഒരാളുമാണ് ഐസൊലേഷനിലുള്ളത്. 1,508 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 55 പേര് കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.