മലയാളികള്‍ തിരിച്ചെത്തിതുടങ്ങി

കേരള -കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിയ മലയാളി യുവാക്കള്‍

കാസര്‍കോട്/പാലക്കാട്: കോവിഡ് മഹാമാരിയെ നേരിടുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ തിരിച്ചെത്തിതുടങ്ങി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഇവരുടെ മടക്കയാത്രക്ക് വഴിയൊരുങ്ങിയത്. തിരിച്ചെത്തുന്നവരെ മെഡിക്കല്‍ പരിശോധനക്ക് ഉള്‍പ്പെടെ വിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. കാസര്‍ക്കോട് ജില്ലയില്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന തലപ്പാടിയിലും പാലക്കാട് ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വാളയാറിലുമാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.
കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇന്നലെ തലപ്പാടി വഴി വന്നവരില്‍ ഭൂരിഭാഗവും. ഗോവ, മഹാരാഷ്ട്ര തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ അടുത്ത ദിവസങ്ങളിലായി അതിര്‍ത്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോര്‍ക്കയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് പ്രകാരം സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ നിശ്ചിത തിയ്യതി ലഭിച്ചവരാണ് ഇവിടെയെത്തുന്നത്. ഇതല്ലാതെ അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്നവര്‍ക്കും പ്രത്യേക രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു
അതിര്‍ത്തിയിലെ പൊലീസ് ചെക്ക്‌പോയിന്റില്‍ നിന്ന് ടോക്കണ്‍ കൈപറ്റിയ ശേഷം ഇവിടെനിന്ന് അല്‍പം മാറി സ്ഥാപിച്ച വിശാലമായ ഹെല്‍പ് ഡെസ്‌കിലേക്കാണ് തിരിച്ചെത്തുന്നവരെ ആദ്യം അയക്കുന്നത്. അറുപത് ഹെല്‍പ് ഡെസ്‌കുകളാണ് നിലവില്‍ സജ്ജീകരിച്ചിട്ടുള്ളത്. രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. വാളയാറില്‍ 16 കൗണ്ടറുകളാണ് തുടക്കത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ എട്ടുമണിമുതല്‍ വൈകീട്ട് നാലുമണിവരെ 241 വാഹനങ്ങള്‍ കടത്തിവിട്ടതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ആറുമണിവരെയാണ് ആളുകളെ കടത്തിവിട്ടത്. അധികവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.