മഹാരാഷ്ട്രയില്‍ സ്ഥിതിആശങ്കാജനകം

47
ലോക്ക്ഡൗണിലും ധാരാവിയിലെ തിരക്ക്‌

24 മണിക്കൂറില്‍ 1,233 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടായ മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം.
കഴിഞ്ഞ 24മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 1233 പുതിയ കേസുകളും 34 മരണങ്ങളുമാണ്. ഒരു ദിവസം ഇത്രയും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 16,758 ആയി.
നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 36 ജില്ലകളില്‍ 34 ജില്ലകളും കോവിഡ് ബാധിത പ്രദേശങ്ങളാണ്. ഇന്നലെ 34 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് മരണം 651 ആയി. മുംബൈ, പൂനെ, താനെ എന്നിവയാണ് മഹാരാഷ്ട്രയിലെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങള്‍. മുംബൈയില്‍ ഇതുവരെ പതിനായിരത്തിലധികം കോവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (10,527), പൂനെയില്‍ രണ്ടായിരത്തിലധികം കോവിഡ് കേസുകളും, താനെയില്‍ 1,404 പേരുമാണ് രോഗബാധിതര്‍. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ ഒരു മരണവും 68 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 733 ആയി. 21 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗുജറാത്തില്‍ ഇന്നലെ 380 പുതിയ കേസുകളും 28 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 6,625 ആയി ഉയര്‍ന്നു. 396 പേരാണ് ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഉത്തര്‍ പ്രദേശിലും കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുകയാണ്. ഇന്നലെ 118 പുതിയ കേസുകളും നാലു മരണവും സംസ്ഥാനത്ത് രേഖപ്പെടുത്തി. ഇതോടെ യു.പിയില്‍ മൊത്തം കോവിഡ് കേസുകള്‍ 2998 ആയി. 60 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.