മഹാരാഷ്ട്ര: 62,228 രോഗികള്‍ മരണം 2,000 കവിഞ്ഞു

14
മുംബൈ ബോറിവാലി സ്റ്റേഷനിലേക്ക് െ്രട്രയിന്‍ കയറാനായി എത്തുന്ന കുടിയേറ്റ തൊഴിലാളികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ കോവിഡ് മരണം 2098 ആയി. ഇന്നലെ മാത്രം 116 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണ നിരക്കാണിത്. 2682 പുതിയ കോവിഡ് കേസുകള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 62,228 ആയി. മഹാരാഷ്ട്രയില്‍ തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 38,450 കോവിഡ് കേസുകളാണുള്ളത്. 1231 മരണവും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ 41 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ധാരാവിയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 1675 ആയി. 61 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയിലെ കോവിഡ് -19 മരണസംഖ്യ 398 ആയി ഉയര്‍ന്നു. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 17,000 ത്തില്‍ എത്തിയതായും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗുജറാത്ത് 15,562 (960 മരണം), മധ്യപ്രദേശ് 7453 (321), യു.പി 7170 (197), പശ്ചിമ ബംഗാള്‍ 4536 (295), രാജസ്ഥാന്‍ 8067 (180) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍. അതേ സമയം മഹാരാഷ്ട്രക്കു പിന്നില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 20,246 ആയി. ഇന്നലെ 874 പുതിയ കോവിഡ് കേസുകളും ഒമ്പത് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 154 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 570 പേര്‍ ചെന്നൈയിലാണ്. ഇതോടെ ചെന്നൈയില്‍ മാത്രം കോവിഡ് രോഗികളുടെ എണ്ണം 13,150 ആയി ഉയര്‍ന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തവരില്‍ 133 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നിലവില്‍ 8776 ആക്ടീവ് കേസുകളാണ് തമിഴ്‌നാട്ടിലുള്ളത്.
അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഇന്നലെ 248 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് കേസുകള്‍ 2781 ആയി. 1837 ആക്ടീവ് കേസുകളാണ് കര്‍ണാടകയിലുള്ളത്. കോവിഡ് ബാധിച്ച് 48 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം 3251 ആയി. 59 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ 2256 കോവിഡ് കേസുകളും 67 മരണവും സ്ഥിരീകരിച്ചു.