കാപ്പാട്: തന്റെ രണ്ട് മാസത്തെ ക്ഷേമ പെന്ഷന് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്കിയ വയോധികയോട് ക്ഷേമപെന്ഷന് തന്നെ റദ്ദാക്കി ഭരണസമിതിയുടെ പ്രതികാരം. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലാണ് വിചിത്ര നടപടി. ഭരണസമിതി നടപടിക്കെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പഞ്ചായത്ത് പ്രസിഡണ്ടിനേയും സെക്രട്ടറിയേയും ഉപരോധിച്ചു.
2019 ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലെ തന്റെ ക്ഷേമ പെന്ഷന് വ്യാജ ഒപ്പിട്ട് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കൈപറ്റിയതായി പരാതിക്കാരിയായ സലീന അറിഞ്ഞത്. തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ മുന്‍ പഞ്ചായത്ത് പ്രസിണ്ടിനെതിരെ നടപടി എടുക്കണമെന്നും തനിക്ക് ലഭിക്കേണ്ട തുക ഇയാളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തില്‍ പരാതി നല്കി. എന്നാല്‍ ഈ പരാതിയെ കുറിച്ച് കേസെടുക്കാനോ അന്വേഷണം നടത്താനോ ശ്രമിക്കാതെ, ക്ഷേമ പെന്ഷന് അര്‍ഹയല്ല എന്ന് കാണിച്ചു പഞ്ചായത്ത് മെമ്പറുടെ സഹോദരന് കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ പരാതി നല്കി. യു ഡി എഫ് അംഗം ചെയര്‍മാനായ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ഈ പരാതി തള്ളിയെങ്കിലും ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് യോഗം ഇവരുടെ ക്ഷേമ പെന്ഷന് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങളായ സത്വനാഥന് മാടഞ്ചേരി, ശശികുനിയില്, ഷബീര്‍ കൊളക്കാട്, പി പി ശ്രീജ, റസീന ഷാഫി,ഹഫ്സ മനാഫ്, ശാഹിദ താവണ്ടി തുടങ്ങിയവര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെയും പഞ്ചായത്ത് സിക്രട്ടറിയെയും ഉപരോധിച്ചു. ഇതേ സമയം പഞ്ചായത്ത് ഓഫീസ് കവാടം മുസ്ലിംലീഗ് ജില്ലാ സിക്രട്ടറി റഷീദ് വെങ്ങളം, വിജയന് കണ്ണഞ്ചേരി ,ഷരീഫ് മാസ്റ്റര്‍, മമ്പാട്ട് മോഹനന്, കെ.കെ ഫാറൂഖ്, ഫൈസല്‍ അഭയം, അനസ് കാപ്പാട്, വി.കെ സൈനുദ്ധീന്‍ ,എ.കെ ജാനിബ് ,അജയ് ബോസ് ,കെ കെ കോയ തുടങ്ങിയവരുടെ നേതൃത്വത്തിലും ഉപരോധിച്ചു. കൊയിലാണ്ടി സി ഐ യുടെ നേത്യത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധ സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനും തിങ്കളാഴച്ച പഞ്ചായത്ത് പ്രസിഡണ്ടും സി ക്രട്ടറിയുമായി നടത്തുന്ന ചര്‍ച്ചയില്‍ പെന്ഷന് പുനഃസ്ഥാപിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും യു.ഡി.എഫ് തീരുമാനിച്ചു.