മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ വാതില്‍ തുറന്ന് ബെര്‍ലിന്‍ ചര്‍ച്ച്‌

ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ മാര്‍ത്ത ലൂഥര്‍ പള്ളിയില്‍ മുസ്‌ലിം കള്‍ക്കായി വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കായി വിട്ടു നല്‍കിയപ്പോള്‍ ശാരീരിക അകലം പാലിച്ചുകൊണ്ട് പള്ളിക്കകത്ത് നമസ്‌കരിക്കുന്നവര്‍

ബെര്‍ലിന്‍: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് വെള്ളിയാഴ്ച നമസ്‌കാരം നിര്‍വഹിക്കാന്‍ മുസ് ലിംകള്‍ക്ക് ചര്‍ച്ച് സൗകര്യപ്പെടുത്തി ജര്‍മനിയിലെ ക്രൈസ്തവ സഹോദരങ്ങള്‍. തലസ്ഥാനമായ ബര്‍ലിനിലാണ് സാഹോദര്യത്തിന്റെ മഹാമാതൃക തീര്‍ത്ത് മുസ് ലിംകള്‍ക്ക് ചര്‍ച്ച് തുറന്നുകൊടുത്തത്. ജര്‍മനിയില്‍ കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പക്ഷെ, പ്രാര്‍ത്ഥനക്കെത്തുന്നവര്‍ ഒന്നര മീറ്റര്‍ അകലം പാലിച്ചിരിക്കണം. ബര്‍നിലിലെ ദാറുസ്സലാം പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിര്‍വ്വഹിക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്താറുള്ളത്. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം അമ്പതോളം പേര്‍ക്ക് മാത്രമേ പള്ളിയില്‍ സൗകര്യമുള്ളൂ. ഈ സാഹചര്യത്തില്‍ മുസ്ലിംകളുടെ പ്രയാസം കണ്ടറിഞ്ഞാണ് തൊട്ടടുത്തുള്ള മാര്‍ത ലൂഥറന്‍ ചര്‍ച്ച് അധികൃതര്‍ സഹായ ഹസ്തവുമായെത്തിയത്. നിസ്‌കരിക്കാന്‍ സ്ഥലം വിട്ടുതരാമെന്ന് അറിയിച്ച് ചര്‍ച്ച് അധികൃതര്‍ മുസ്ലിംകളെ സമീപിക്കുകയായിരുന്നുവെന്ന് മസ്ജിദ് ഇമാം മുഹമ്മദ് ത്വാഹ സബ്റി പറഞ്ഞു. സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കോവിഡ് മഹാമാരി ഞങ്ങളെ ഒരു സമുദായമാക്കിയിരിക്കുന്നു. പ്രതിസന്ധികളാണ് ജനങ്ങളെ ഒരുമിപ്പിക്കുന്നത്.’-സബ്റി കൂട്ടിച്ചേര്‍ത്തു. നിസ്‌കാരത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ബാങ്ക് വിളി തന്നെ ഏറെ ആകര്‍ഷിച്ചതായി പാസ്റ്റര്‍ മോണിക്ക മതിയാസ് പറഞ്ഞു. ‘ഞാനും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഞാന്‍ ജര്‍മന്‍ ഭാഷയില്‍ അല്‍പനേരം സംസാരിച്ചു. ഞങ്ങള്‍ ഒരേ ആശങ്ക പങ്കുവെക്കുന്നു എന്നതുകൊണ്ട് പ്രാര്‍ത്ഥനക്കിടയില്‍ വിയോജിപ്പുള്ളതായി ഒന്നും എനിക്ക് തോന്നിയില്ല. അതെ, അതെ, അതെ എന്ന് മാത്രമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ. ഞാന്‍ നിങ്ങളില്‍നിന്ന് പഠിക്കാനാഗ്രഹിക്കുന്നു. പരസ്പരം അറിയാനുള്ള ഇത്തരം മാര്‍ഗങ്ങള്‍ മനോഹരമാണ്’-മോണിക്ക പറഞ്ഞു.