
കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ കാമ്പയിന് തുടക്കമായി. മഴയെത്തും മുമ്പെ നാടും വീടും വൃത്തിയാക്കാം എന്ന ത്രീ ഡേ മിഷന്റെ ആദ്യ ദിവസം വീടും പരിസരവുമാണ് ശുചീകരിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഉന്നതാധികാര സമിതി അംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങി മുസ്‌ലിം ലീഗ് നേതാക്കളും പോഷക സംഘടന നേതാക്കളും ആവേശത്തോടെ കാമ്പയിന്‍ ഏറ്റെടുത്തു. കാമ്പയിനിന്റെ ആദ്യ ദിവസം വീടുകളിലെ ശുചീകരണത്തിന് വീട്ടുകാരും കുടുംബാംഗങ്ങളും പങ്കാളികളായി.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മക്കളുടെ കൂടെയാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് എന്നിവരും സ്വന്തം വീടും പരിസരവും വൃത്തിയാക്കി കാമ്പയിനില്‍ പങ്കാളികളായി.
ത്രീ ഡേ മിഷന് വന്‍ സ്വീകാര്യതയാണ് പ്രവര്‍ത്തകരില്‍ ഉണ്ടായത്. സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രവര്‍ത്തകര്‍ വരെ ശുചീകരണ കാമ്പയിനില്‍ പങ്കാളികളായി. ബുധനാഴ്ച പൊതുവിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബസ്സ് സ്റ്റാന്റുകള്‍, കവലകള്‍, പൊതുകിണറുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തും. പുഴ, തോട് എന്നിവയും മാലിന്യമുക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.