മുഹ്യുദ്ധീന്റെ നിയമനത്തിന് മലേഷ്യന്‍ രാജാവിന്റെ അംഗീകാരം

68
മലേഷ്യന്‍ രാജാവ് പ്രധാനമന്ത്രിയായി മുഹ്യുദ്ധീന്‍ യാസീനെ ചുമതലപ്പെടുത്തുന്നു

ക്വാലാലംപൂര്‍: മുഹ്യുദ്ധീന്‍ യാസീനെ പ്രധാനമന്ത്രി നിയമിച്ചത് ഉചിതവും ഭരണഘടനാപരവുമാണെന്ന് മലേഷ്യന്‍ രാജാവ് വ്യക്തമാക്കി. നിയമനത്തിന് അംഗീകാരം നല്‍കാന്‍ വിളിച്ചുകൂട്ടിയ പാര്‍ലമെന്റ് സമ്മേളനം പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നീട്ടിവെച്ചതായും അദ്ദേഹം അറിയിച്ചു. മാര്‍ച്ച് ഒന്നിനാണ് രാജാവ് മുഹ്യുദ്ധീനെ പ്രധാനമന്ത്രിയായി നിയമിച്ചത്. പാര്‍ലമെന്റിന്റെ 222 അംഗ അധോസഭയില്‍ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് മുഹ്യുദ്ധീനുണ്ടെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭക്ക് രൂപംനല്‍കിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി 94കാരനായ മഹാതീര്‍ മുഹമ്മദ് അവിശ്വാസ വോട്ട് ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ സമയം അനുവദിക്കാതെ പാര്‍ലമെന്റ് സമ്മേളനം രാജാവിന്റെ പ്രസംഗത്തില്‍ മാത്രം ഒതുക്കി അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. രാജാവിന് ആചാരപരമായ അധികാരങ്ങള്‍ മാത്രമാണുള്ളതെന്നിരിക്കെ മുഹ്യുദ്ധീന്റെ നിയമനത്തിന് അദ്ദേഹം നല്‍കിയ അംഗീകാരം വിശ്വാസവോട്ടെടുപ്പിനെ സ്വാധീനിക്കാനിടയില്ല. അവിശ്വാസ പ്രമേയം പരിഗണിക്കാതെ പാര്‍ലമെന്റ് പിരിഞ്ഞതില്‍ മഹാതീര്‍ മുഹമ്മദ് പ്രതിഷേധം അറിയിച്ചു. വിജയിച്ചാലും പരാജയപ്പെട്ടാലും അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ട് ചെയ്യാന്‍ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും അധികാരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.