ഇസ്ലാമാബാദ്: പാകിസ്താനിലെ മൃഗശാലയില്‍ ദുരിതം തിന്ന് ജീവിക്കുന്ന കാവന് എന്ന ആനയെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇസ്ലാമാബാദിലെ മൃഗശാലയില്‍നിന്ന് അനുയോജ്യമായ മറ്റേതെങ്കിലും വന്യജീവിസംരക്ഷണ കേന്ദ്രത്തിലേക്ക് ആനയെ മാറ്റാന്‍ കോടതി ഉത്തരവിട്ടു. യു.എസ് ഗായിക ചെര് നടത്തിയ പ്രചാരണത്തെ തുടര്‍ന്നാണ് കാവന്റെ ദുരിതജീവിതം ലോകശ്രദ്ധയില്‍ വന്നത്. ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷമാണ് ഇതെന്ന് ചെര് കോടതി വിധിയെ വിശേഷിപ്പിച്ചു. 30 ദിവസത്തിനകം കാവന് അനുയോജ്യമായ സങ്കേതം കണ്ടെത്താന്‍ ശ്രീലങ്കയുമായി കൂടിയാലോചിക്കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ശ്രീലങ്കയില്‍നിന്നാണ് കാവനെ പാകിസ്താനില്‍ കൊണ്ടുവന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ആനയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ പ്രവര്‍ത്തിക്കാതിരുന്നതിന് കോടതി മൃഗശാല അധികൃതരെ ശക്തമായി വിമര്‍ശിച്ചു. മൃഗശാലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുവരെ മറ്റു മൃഗങ്ങളെയും താല്‍ക്കാലികമായി പുനരധിവസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ആനയെ മൃഗശാലയില്‍ ചങ്ങലക്കിട്ടുവെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. 2012ല്‍ ഇണയുടെ വിയോഗത്തിനു ശേഷമാണ് കാവന് അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയതെന്ന് അവര്‍ പറയുന്നു.