യു.എ.ഇക്ക് കരുത്തേകാന്‍ കേരളത്തില്‍ നിന്ന് 105 അംഗ മെഡിക്കല്‍ സംഘം

164
കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ ടീം യു.എ.ഇയിലേക്കുള്ള യാത്രക്കിടെ

കൊച്ചി: യു.എ.ഇ സര്‍ക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിന് കൂടുതല്‍ കരുത്തു പകരാന്‍ ഇന്ത്യയില്‍ നിന്നുള്ള 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍. അത്യാഹിത പരിചരണ നഴ്‌സുമാരും പാരാമെഡിക്കല്‍ വിദഗ്ദരും അടക്കമുള്ള സംഘമാണ് അബുദാബിയില്‍ എത്തിയത്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട സംഘം രാവിലെയാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടഡ് വിമാനത്തിലായിരുന്നു യാത്ര. 105 അംഗ സംഘത്തില്‍ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്. ആരോഗ്യരക്ഷാസേവനദാതാവും കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിന്റെ മാതൃസ്ഥാപനവുമായ വിപിഎസ് ഹെല്‍ത്ത്‌കെയറാണ് മെഡിക്കല്‍ സംഘത്തെ റിക്രൂട്ട് ചെയ്തത്. അടിയന്തര പരിചരണത്തില്‍ വൈദഗ്ദ്യമുള്ള നഴ്‌സുമാര്‍, ഡോക്ടര്‍, പാരാമെഡിക്കുകള്‍ എന്നിവര്‍ ഇതിലുണ്ട്. ഇതിനു പുറമെ യുഎഇയിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു പരിചയ സമ്പന്നരായ 30 പേരും. അവധിക്ക് നാട്ടില്‍ വന്നു ലോക്ക്ഡൗണ്‍ കാരണം തിരിച്ചു പോവാനാകാതെ നാട്ടില്‍ കുടുങ്ങിയതാണിവര്‍. വിവിധ ജില്ലകളില്‍ താമസക്കാരായ ഇവരെ പ്രത്യേകം ഏര്‍പ്പാടാക്കിയ കെ.എസ്ആര്‍.ടി.സി ബസുകളിലാണ് എത്തിച്ചത്. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ മെഡിക്കല്‍ സംഘത്തിലുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. പിസിആര്‍ പരിശോധനയില്‍ എല്ലാവരുടെയും സാമ്പിളുകള്‍ നെഗറ്റിവ് ആണെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു യാത്ര.