രാജ്യത്ത് കോവിഡ് ബാധിതര്‍ 70,000

6

രോഗികളുടെ എണ്ണം കുതിക്കുന്നു; ആശങ്കയോടെ തമിഴകം

 

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 70,000 കടന്നു. 24 മണിക്കൂറിനിടെ 3596 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 70,744 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മാത്രം 1230 പേര്‍ക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഗുജറാത്തിലും തമിഴ്‌നാട്ടിലുമാണ് മഹാരാഷ്ട്രക്കു പുറമെ സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തില്‍ ശരാശരി 400-500 പേര്‍ക്കാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്.
തമിഴ്‌നാട്ടില്‍ ആശങ്കപ്പെടുത്തുന്ന വിധത്തിലുള്ള കുതിച്ചു ചാട്ടമാണ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്നത്. ഇന്നലെ മാത്രം 798 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 8002 ആയി ഉയര്‍ന്നിട്ടുണ്ട്. 23,401 രോഗികളുള്ള മഹാരാഷ്ട്രയും 8542 രോഗികളുള്ള ഗുജറാത്തും മാത്രമാണ് നിലവില്‍ തമിഴ്‌നാടിനു മുന്നിലുള്ളത്. പ്രതിദിന രോഗ റിപ്പോര്‍ട്ടിന്റെ തോത് കണക്കിലെടുത്താന്‍ ഒന്നോ രണ്ടോ ദിവസത്തിനകം തമിഴ്‌നാട് ഗുജറാത്തിനെ പിന്തള്ളി പട്ടികയില്‍ രണ്ടാമതാകുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം പെരുകുന്നത് അയല്‍ സംസ്ഥാനമായ കേരളത്തേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.