ന്യൂഡല്‍ഹി: ലോക്ക്ഡൗണിനും പിടികൊടുക്കാതെ രാജ്യത്ത് കോവിഡ് 19ന്റെ കുതിപ്പ്. 24 മണിക്കൂറിനിടെ 4213 പേര്‍ക്കാണ് രാജ്യത്തൊട്ടാകെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 67,152 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 20,917 ആയിട്ടുണ്ട്. 44,029 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. അതിനിടെ രാജ്യത്ത്് ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി വൈകി അവസാനിച്ച മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണം. അതിന് ശേഷമായിരിക്കും ഈ മാസം 17 ന് ശേഷവും ലോക്ഡൗണ്‍ തുടരണമോ എന്ന് അന്തിമമായി തീരുമാനിക്കുക.
അതേ സമയം മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്നാട്ടിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് 19ന്റെ സാമൂഹ്യ വ്യാപനം നടന്നതിന് സൂചനകള്‍ ലഭിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ സ്ഥിതി വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായേക്കും. ഇതിനിടെ ലോക്ക്ഡൗണ്‍ ഇളവുകളെതുടര്‍ന്ന് ഇന്ന് ട്രെയിന്‍ സര്‍വീസുകള്‍ കൂടി പുനരാരംഭിക്കുന്നതോടെ രോഗവ്യാപനം വീണ്ടും ഉയരുമോ എന്ന ആശങ്കയും ശക്തമാണ്. വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് മണിക്കൂറുകള്‍ നീണ്ടു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മലാ സീതാരാമന് എന്നിവരും പ്രധാനമന്ത്രിയുടെ വസതിയില്‍നിന്നുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. രോഗവ്യാപനം സംബന്ധിച്ച കടുത്ത ആശങ്ക തുടരുന്നതിനിടെ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ തമിഴ്നാടും പശ്ചിമബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തു. മെയ് 31 വരെ സംസഥാനത്തേക്ക് ട്രെയിനുകള്‍ അനുവദിക്കരുതെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിയുടെ ആവശ്യം. കോവിഡ് ഭീഷണിക്കിടയിലും കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആഞ്ഞടിച്ചു. കൂടുതല്‍ ഇളവുകളാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടത്. മെട്രോ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.